ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ ഒരു വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.






























