കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഓസ്ട്രേലിയൻ പര്യടനം ഉജ്ജ്വല വിജയമായി സമാപിച്ചു. ലാളിത്യമാർന്ന സ്വഭാവശുദ്ധികൊണ്ടും ജീവിതരീതികൊണ്ടും മന്ത്രി ഓസ്ട്രേലിയൻ മലയാളികളുടെ ഹൃദയം കവർന്നു. ഈ സന്ദർശനം കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ചു.
വിക്ടോറിയൻ സർക്കാരിന്റെ ക്ഷണപ്രകാരം മെൽബണിലെത്തിയ മന്ത്രി സിംഗപ്പൂർ എയർലൈൻസിന്റെ ഇക്കണോമി ക്ലാസിലാണ് യാത്ര ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കി സാധാരണ അപ്പാർട്ട്മെന്റിൽ താമസിച്ചതും, ആഢംബര വാഹനങ്ങൾ ഉപേക്ഷിച്ച് സാധാരണ കാറിൽ യാത്ര ചെയ്തതും ഏറെ ശ്രദ്ധേയമായി. മന്ത്രിയുടെ ഈ ലാളിത്യം വിക്ടോറിയൻ സർക്കാരിന് വലിയ ആശ്ചര്യമാണ് നൽകിയത്.
ആരോഗ്യ മേഖലയിൽ കേരളം നൽകുന്ന സംഭാവനകൾ എടുത്തുപറയേണ്ടതാണെന്ന് വിക്ടോറിയൻ സർക്കാർ അഭിപ്രായപ്പെട്ടു. വിക്ടോറിയൻ സർക്കാർ ഒരുക്കിയ അത്താഴ വിരുന്ന് മെൽബൺ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവമായി. എല്ലാ മതനേതാക്കന്മാരും അസോസിയേഷനുകളുടെ പ്രതിനിധികളും ക്ഷണം സ്വീകരിച്ച് ഡിന്നർ നൈറ്റിൽ എത്തിയത് സന്തോഷം നിറഞ്ഞ ഒരനുഭവമായിരുന്നു.
മന്ത്രി വീണാ ജോർജിന്റെ സന്ദർശനം കേരളവും വിക്ടോറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിച്ചു. ഈ പര്യടനം ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ആരോഗ്യ മേഖലയിലും മറ്റ് സുപ്രധാന മേഖലകളിലും പുതിയ സഹകരണങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.































