കാന്‍ബെറ : 25 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന സഞ്ചിമൃഗത്തിന്റെ ഫോസില്‍ കണ്ടെത്തി.ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ചെറു സഞ്ചിമൃഗങ്ങളായ വോംബാറ്റുകളോടാണ് ഇക്കൂട്ടര്‍ക്ക് സാദൃശ്യം. ചെറിയ കറുത്ത കരടിയോളം വലിപ്പമുള്ള ഇക്കൂട്ടര്‍ക്ക് 50 കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. ‘ മുകുപിര്ന ഫോര്ട്ടിഡെന്റ്റാറ്റ’ എന്നാണ് ഗവേഷകര്‍ ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. കങ്കാരു, ഒപ്പോസം, കോവാല തുടങ്ങിയ സഞ്ചിമൃഗങ്ങളുടെ കുടുംബത്തില്‍പ്പെട്ടവയാണ് ഇവയെന്നും ഗവേഷകര്‍ പറയുന്നു.
മദ്ധ്യ ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിംഗ്സിന് സമീപത്ത് നിന്ന് ഇവയുടെ തലയോട്ടിയുടെയും അസ്ഥിയുടെയും ഭാഗങ്ങള്‍ കണ്ടെത്തി. ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ ടീം 2,000ത്തിലേറെ മണിക്കൂറുകള്‍ കൊണ്ട് ഈ ജീവിയുടെ 35 ഭാഗങ്ങളാണ് കണ്ടെത്തിയത്. വോംബാറ്റുകളെ പോലെ ചെറു ഗുഹകള്‍ ഇക്കൂട്ടരും നിര്‍മിച്ചിരുന്നതായി കരുതുന്നു. അന്ന് ഓസ്ട്രേലിയയില്‍ ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിയ ജീവികളില്‍ ഒന്നായിരുന്നു ഇവ.
വോംബാറ്റുകളോട് സാദൃശ്യമുണ്ടെങ്കിലും വോംബാറ്റുകളുടെ അഞ്ചിരട്ടി വലിപ്പം ഇവയ്ക്ക് ഉണ്ടായിരുന്നു. പഴങ്ങള്‍, നട്സ്, കിഴങ്ങുകള്‍ എന്നിവ ആയിരുന്നിരിക്കാം ഈ ജീവിയുടെ ആഹാരമെന്ന് കരുതുന്നു. ഇവയ്ക്ക് എന്നാണ് വംശനാശം സംഭവിച്ചതെന്നതിനെ പറ്റി കൃത്യമായ ഉത്തരം ഇല്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇവ ലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. അതേ സമയം, പ്രാചീന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചി മൃഗം ഡിപ്രോറ്റോഡന് ഒപ്റ്റാറ്റം ആണ്. ഏകദേശം 2,500 കിലോഗ്രാമായിരുന്നു ഇതിന്റെ ഭാരം.