ചെന്നൈ: ഐപിഎല്ലിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തായതിന് പിന്നാലെ, ആരാധകർ ഉറ്റുനോക്കുന്ന എം.എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്. ഇന്നലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്‍റെ കനത്ത തോൽവി വഴങ്ങിയാണ് സിഎസ്‌കെയുടെ പ്ലേഓഫ് മോഹങ്ങൾ പൊലിഞ്ഞത്.
ഐപിഎൽ ചരിത്രത്തിലെ 19 സീസണുകളിൽ ഇതാദ്യമായാണ് എം.എസ് ധോണി ഒരു മത്സരത്തിൽ പോലും കളിക്കാതെ ഒരു സീസൺ പൂർത്തിയാക്കുന്നത്. ധോണിയുടെ അസാന്നിധ്യം ചെന്നൈ നിരയെ കാര്യമായി ബാധിച്ചുവെന്ന് സമ്മതിച്ച ഗെയ്ക്‌വാദ്, അടുത്ത സീസണിൽ ധോണി മടങ്ങിയെത്തുമോ എന്ന ചോദ്യത്തിനും സമ്മാനദാനച്ചടങ്ങിനിടെ വ്യക്തമായ സൂചന നൽകി.
അടുത്ത സീസണിൽ ധോണി കളിക്കുമോ എന്നത് തീർച്ചയായും അടുത്ത വർഷം മാത്രമേ എല്ലാവർക്കും അറിയാൻ സാധിക്കൂ. എനിക്ക് പോലും അത് അടുത്ത വർഷമേ അറിയാനാകൂ. നിലവിൽ അതിനെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുതുരാജിന്‍റെ മറുപടി. ധോണി ക്രീസിലുണ്ടാക്കുന്ന ഇംപാക്ട് ഈ സീസണിൽ ടീമിന് വലിയ നഷ്ടമായിരുന്നുവെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ധോണിയുടെ അസാന്നിധ്യം ഞങ്ങൾക്ക് വലിയൊരു തിരിച്ചടി തന്നെയാണ്. അവസാന ഓവറുകളിൽ എതിരാളികളിൽ ഭയമുണ്ടാക്കാനും കളി ഒറ്റയ്ക്ക് മാറ്റാനും ധോണിക്ക് സാധിക്കുമായിരുന്നു. ഈ സീസണിൽ ഞങ്ങൾ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്തു. അടുത്ത സീസണിൽ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാനാകില്ല-റുതുരാജ് പറഞ്ഞു.































