ബെയ്ജിംഗ്: ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ മാസത്തിന്റെ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. 2022 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 12നും ഇടയില്‍ 59,938 കൊവിഡ് മരണങ്ങള് രേഖപ്പെടുത്തിയതായി ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്ക് മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ കാരണമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മരണനിരക്ക് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. നേരത്തെ കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു. വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കില്‍ ഉള്‍പ്പെടുത്തൂ എന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ഈ തരംതിരിക്കലിനെ ലോകാരോഗ്യ സംഘടന അടക്കം വിമര്‍ശിച്ചിരുന്നു.
ഇതിനുപുറമെ ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വാക്സിന് എടുക്കാതിരിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസായിരുന്നു. മരിച്ചവരില്‍ 90 ശതമാനത്തിലധികം പേരും 65 വയസിന് മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS: It is reported that 60,000 covid deaths in China in one month