മൂന്ന് വർഷമായി നാട്ടിലേക്ക് മടങ്ങാനാകാതെ പസഫിക് സമുദ്രത്തിലെ കുക്ക് ദ്വീപുകളിൽ കുടുങ്ങിക്കഴിയുകയാണ് ശ്രീലങ്കൻ സ്വദേശിനിയായ റുചിര രണസിംഗെ. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും യാത്രാമധ്യേ കടന്നുപോകേണ്ട ന്യൂസിലൻഡും ഓസ്‌ട്രേലിയയും ട്രാൻസിറ്റ് വിസ അനുവദിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായത്. 50 വയസ്സുകാരിയായ റുചിരയുടെ മടക്കയാത്ര, വിസാ നടപടികളിലെ കുരുക്കിൽപ്പെട്ടതോടെ അനിശ്ചിതത്വത്തിലായി. ബിബിസിയോടുള്ള അഭിമുഖത്തിൽ, ആവശ്യമെങ്കിൽ കൈവിലങ്ങും വിലങ്ങും വായ മൂടിക്കെട്ടിയിട്ടാണെങ്കിലും നാട്ടിലേക്ക് മടങ്ങാൻ താൻ തയ്യാറാണെന്ന് റുചിര വേദനയോടെ പറയുന്നു.
ഏകദേശം പത്ത് വർഷം മുമ്പാണ് റുചിരയുടെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ ശ്രീലങ്കയിൽ നടത്തിയിരുന്ന ചെറിയ ടി-ഷർട്ട് നിർമാണശാല അടച്ചുപൂട്ടേണ്ടിവന്നു. വലിയ കടബാധ്യതകൾക്കിടെയുണ്ടായ ഭർത്താവിന്‍റെ മരണവും കൂടിയായതോടെ റുചിര കൂടുതൽ പ്രതിസന്ധിയിലായി.
തുടർന്ന് 2018 -ൽ ഉപജീവനത്തിനായി ഹോങ്കോങ്ങിലേക്ക് പോയ റുചിര അവിടെ ചെറിയൊരു ജോലിയിൽ പ്രവേശിച്ചു. 2022 ഡിസംബറിൽ ബന്ധുവിനെ സന്ദർശിക്കുന്നതിനായി രണ്ട് മാസത്തെ വിസയിൽ റുചിര ന്യൂസിലൻഡിലെത്തി. ഇതിനിടെ ശ്രീലങ്കയിലെ പണമിടപാടുകാരിൽ നിന്നുള്ള സമ്മർദ്ദം വർധിച്ചതോടെ അവർ ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ സഹായത്തോടെ അഭയാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. ഇതിന്‍റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ഓപ്പൺ വർക്ക് വിസയും ലഭിച്ചു. പിന്നീട് ഒരു റെസ്റ്റോറന്‍റിൽ ജോലി ലഭിക്കുകയും ദീർഘകാല തൊഴിൽ വിസയ്ക്കായി സ്പോൺസർ ചെയ്യാമെന്ന് സ്ഥാപന ഉടമ ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ, അഭയാർഥി അപേക്ഷയുടെ നടപടികൾ പുരോഗമിക്കുന്നതിനിടെ മറ്റ് വിസകളിലേക്ക് മാറാൻ ന്യൂസിലൻഡ് പൊതുവെ അനുവദിക്കാത്തതിനാൽ റുചിരയുടെ തൊഴിൽ വിസാ അപേക്ഷ നിരസിക്കപ്പെട്ടു. തുടർന്ന് സഹായത്തിനായി ഇമിഗ്രേഷൻ ആൻഡ് സെക്രട്ടേറിയൽ സർവീസസ് എന്ന ഏജൻസിയെ സമീപിച്ചു. ന്യൂസിലൻഡിൽനിന്ന് താൽക്കാലികമായി പുറത്തുപോയി മറ്റൊരു രാജ്യത്തുനിന്ന് തൊഴിൽ വിസയ്ക്കായി വീണ്ടും അപേക്ഷിക്കാനായിരുന്നു സ്ഥാപനത്തിന്‍റെ മാനേജരായ സിൽവിയാൻ ഗാലന്‍റ് നൽകിയ ഉപദേശം. ഇതനുസരിച്ച് 2023 -ന് റുചിര കുക്ക് ദ്വീപുകളിലേക്ക് യാത്ര തിരിച്ചു.
എന്നാൽ, കുക്ക് ദ്വീപുകളിലേക്കുള്ള യാത്ര, റുചിരയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറി. പുതിയ വിസയ്ക്കായി നൽകിയ അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. ഇതിനിടെ, ന്യൂസിലൻഡ് വിട്ടതോടെ അഭയാർഥി അപേക്ഷയുമായി ബന്ധപ്പെട്ട വിസയുടെ നിബന്ധനകൾ റുചിര ലംഘിച്ചെന്ന് കണക്കാക്കപ്പെട്ടു. പിന്നാലെ ഭാവിയിൽ ന്യൂസിലൻഡ് വിസ ലഭിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഏങ്ങോട്ടും പോകാനാകില്ല!
ഒടുവിൽ, ശ്രീലങ്കയിലേക്ക് മടങ്ങാൻ റുചിര തീരുമാനിച്ചു. എന്നാൽ മടക്കയാത്രയ്ക്കായി വിമാനത്തിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ന്യൂസിലൻഡിലൂടെ യാത്ര ചെയ്യുന്നതിനുള്ള ട്രാൻസിറ്റ് വിസയില്ലാതെ യാത്ര തുടരാനാകില്ലെന്ന് റുചിര അറിയുന്നത്. ഇതോടെ കുക്ക് ദ്വീപുകളിൽ തുടരാനുള്ള വിസയില്ലാതെയും അവിടെനിന്ന് പുറത്തുകടക്കാനുള്ള ആവശ്യമായ അനുമതിയില്ലാതെയും റുചിര കുടുങ്ങി. ന്യൂസിലൻഡിലൂടെ യാത്ര ചെയ്യാൻ സമർപ്പിച്ച മൂന്ന് ട്രാൻസിറ്റ് വിസാ അപേക്ഷകളും അധികൃതർ നിരസിച്ചു. പിന്നാലെ ഓസ്‌ട്രേലിയയിലൂടെ കടന്നുപോകുന്നതിനുള്ള നാലോളം ട്രാൻസിറ്റ് വിസാ അപേക്ഷകളും സമാനമായി നിരസിക്കപ്പെട്ടു.
കുക്ക് ദ്വീപുകളിൽനിന്ന് താഹിതി അല്ലെങ്കിൽ ഹവായ് വഴി യാത്ര ചെയ്യുക എന്നതാണ് മറ്റ് അന്താരാഷ്ട്ര യാത്രാമാർഗങ്ങൾ. എന്നാൽ, ഈ വഴികളിലൂടെ പോകുന്നതിനും ന്യൂസിലൻഡിലെത്തി നേരിട്ട് ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇതോടെ എങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് റുചിരയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സഹായിക്കാൻ കുക്ക് ദ്വീപ് അധികൃതർ, പക്ഷേ..
ന്യൂസിലൻഡ് വാർത്താ വെബ്‌സൈറ്റായ ആർഎൻസിയുടെ റിപ്പോർട്ട് പ്രകാരം, റുചിരയുടെ കാര്യത്തിൽ കുക്ക് ദ്വീപുകളിലെ അധികൃതർ ഇടപെടാൻ ശ്രമിച്ചിരുന്നു. 2025 ഏപ്രിൽ 11 -ന് കുക്ക് ദ്വീപുകളിലെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ ഓഫീസറായ ചെരെ ആർതർ, ന്യൂസിലൻഡ് ഇമിഗ്രേഷൻ അധികൃതർക്ക് കത്തയച്ചു. ന്യൂസിലൻഡിൽ പ്രവേശിക്കാതെ ഓക്ക്‌ലൻഡ് വിമാനത്താവളത്തിലൂടെ നേരിട്ട് സിംഗപ്പൂരിലേക്കുള്ള തുടർവിമാനത്തിൽ കയറാൻ റുചിരയെ ഒരു ഔദ്യോഗിക ഉദ്യോഗസ്ഥന്‍റെ അകമ്പടിയോടെ കൊണ്ടുപോകാമെന്ന നിർദേശമാണ് അവർ മുന്നോട്ടുവെച്ചത്. എന്നാൽ, അതും നടന്നില്ല. അതേസമയം സാധ്യമായ യാത്രാമാർഗങ്ങൾ കണ്ടെത്താൻ വിദേശകാര്യ-ഇമിഗ്രേഷൻ മന്ത്രാലയം ശ്രമിച്ചുവരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ, ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ ട്രാൻസിറ്റ് വിസകളും യാത്രാരേഖകളും അനുവദിച്ചാൽ മാത്രമേ ഇവർക്ക് യാത്ര ചെയ്യാനാകൂവെന്നതാണ് യഥാർത്ഥ്യം.






























