ന്യൂയോര്‍ക്ക്: ലൈസന്‍സില്ലാതെ അക്യുപങ്ചര്‍ ചെയ്യുന്നയാളില്‍ നിന്ന് ചികിത്സ തേടിയ 63കാരി ഗുരുതരാവസ്ഥയില്‍. വയറുവേദനയ്ക്കും നടുവേദനയ്ക്കും ചികിത്സ തേടിയെത്തിയ 63കാരിയാണ് ശ്വാസകോശം ചുരുങ്ങി നടപ്പാതയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയിലായത്.
നിരവധി തവണ അക്യുപങ്ചര്‍ ചെയ്ത അനുഭവത്തിലാണ് ന്യൂയോര്‍ക്ക് സ്വദേശിയായ 63കാരി യോങ് ഡേ ലിന്‍ എന്ന സമാന്തര ചികിത്സകന്റെ അടുക്കലെത്തുന്നത്. ശരീര വേദനയ്ക്ക് കഴിഞ്ഞ വര്‍ഷവും ഇവര്‍ ഇയാളുടെ അടുത്ത് നിന്ന് ചികിത്സ നേടയിരുന്നു. 66കാരനായ യോങ് ഡേ ലിന്‍ ഒരു ഡസനോളം രീതികളാണ് 63കാരിയില്‍ പരീക്ഷിച്ചത്. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ 63കാരി റോഡ് സൈഡില്‍ ബോധം കെട്ട് വീഴുകയായിരുന്നു.
നാട്ടുകാരാണ് അവശ്യ സര്‍വ്വീസില്‍ വിവരം വിളിച്ച് അറിയിക്കുന്നതും ഇവരെ ആശുപത്രിയിലെത്തിക്കുന്നതും. ചുരുങ്ങി വായു കയറാനാവാത്ത അവസ്ഥയിലായിരുന്നു 63കാരിയുടെ ശ്വാസകോശമുണ്ടായിരുന്നതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്. ഇത്തരം ബുദ്ധിമുട്ടുണ്ടാക്കിയത് തെറ്റായ ചികിത്സാ രീതിയാണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കൃത്യമായ രീതിയില്‍ പരിശീലനം നേടിയ ആളില്‍ നിന്ന് ചികിത്സ തേടുന്നതും ലാട വൈദ്യന്മാരെ സമീപിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് സംഭവത്തേക്കുറിച്ച് ജില്ലാ ജഡ്ജി മെലിന്‍ഡ കാറ്റ്സ് വിശദമാക്കുന്നത്.
ആറ് ദിവസത്തോളം വെന്റിലേറ്ററില്‍ അടക്കം കഴിഞ്ഞ ശേഷമാണ് 63കാരിക്ക് ആശുപത്രി വിടാനായത്. സംഭവത്തില്‍ ലൈസന്‍സ് ഇല്ലാതെ പരിശോധന നടത്തിയ പരമ്പരാഗത ചികിത്സകനെതിരെ കൊലപാതക കുറ്റത്തിനും അംഗീകാരമില്ലാതെ ചികിത്സിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 25 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.