റിപ്പോർട്ടർ:സത്താർ കായംകുളം, റിയാദ്
റിയാദ്:റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ(റിഫ) സംഘടിപ്പിച്ച റിഫ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു. എ ഡിവിഷനിൽ റോയൽ ഫോക്കസ് ലൈൻ എഫ് സി ചാപ്യൻസ് ട്രോഫി കരസ്ഥമാക്കി. ജയം അനിവാര്യമായിരുന്ന യൂത്ത് ഇന്ത്യ സോക്കർ ടീം അവസാന മത്സരത്തിൽ അസീസിയ സോക്കറിനോട് പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല.
ഇരുവരും സമനില പാലിച്ചതിനെ തുടർന്നാണ് ഗ്രൂപ്പിൽ അതേ പോയിന്റ് നിലയുള്ള റോയൽ ഫോക്കസ് ലൈൻ ഗോൾ ശരാശരിയിൽ മുന്നിലെത്തിയതും ട്രോഫിയിൽ മുത്തമിട്ടതും. ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സ് വാഴക്കാടും സി ഡിവിഷനിൽ റിയാദ് ബ്ലാസ്റ്റേഴ്‌സും വിജയകിരീടം സ്വന്തമാക്കി. ഇതോടെ നാല് മാസമായി നടന്നു വരുന്ന കാൽപന്ത് മാമാങ്കത്തിന് അന്തിമവിസിൽ മുഴങ്ങി.
കെ എം സി സി സ്പോൺസർ ചെയ്ത എ ഡിവിഷൻ പ്രീമിയർ ലീഗ് കിരീടം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, എൻ.ആർ. കെ വൈസ് ചെയർമാൻ സത്താർ കായംകുളം, കംഫർട് ട്രാവൽസ് പ്രതിനിധി മുജീബ് ഉപ്പട, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ബഷീർ കാരന്തൂർ, വൈസ് ചെയർമാൻ അബ്ദുൽ കരീം പയ്യനാട്, ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട് എന്നിവർ വിജയികൾക്ക് സമ്മാനിച്ചു. ബി ഡിവിഷൻ ട്രോഫി പ്രായോജകരായ ജരീർ മെഡിക്കൽസ് പ്രതിനിധികളും കോഴിക്കോടൻസ്, മിന സൂപ്പർ മാർക്കറ്റ്, സ്കൈ ഫയേഴ്‌സ് ടയേഴ്‌സ്, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ സൈഫു കരുളായി, മുസ്തഫ മമ്പാട്, കുട്ടൻ ബാബു, നാസർ മാവൂർ എന്നിവരും ചേർന്ന് നൽകി. സി ഡിവിഷൻ ട്രോഫിയും മെഡലുകളും ദലാൽ & സാറ സ്വീറ്റ്സ് ചോക്ലേറ്റ് ആൻഡ് നട്സ്, റോയൽ ട്രാവൽസ് പ്രതിനിധികൾ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ശറഫുദ്ദീൻ, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുസ്തഫ കവ്വായി, ജുനൈസ് വാഴക്കാട്, ഷരീഫ് കാളികാവ്, അഡ്വൈസറി മെമ്പർ അബ്ദുല്ല വല്ലാഞ്ചിറ, ഹംസ, ഹസൻ പുന്നയൂർ എന്നിവർ വിജയികൾക്ക് നൽകി.
അടുത്തമാസം എ ബി ഡിവിഷൻ ചമ്പ്യന്മാരുടെ പ്രദർശന മത്സരം കെ എം സി സി മണ്ഡലം മത്സരങ്ങളോടൊപ്പം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സൈഫു കരുളായി പരിപാടികൾക്ക് നേതൃത്വം നൽകി. റഫറി പാനൽ ഹെഡ് അലി ഖഹ്ഥാനിയെ ബഷീർ കാരന്തുർ ആദരഫലകം സമ്മാനിച്ചു. മെഡിക്കൽ പ്രതിനിധികൾക്കും റഫറിമാർക്കും ടൂർണമെന്റ് കമ്മറ്റി ഉപഹാരങ്ങൾ നൽകി. കൺവീനർ ശറഫുദ്ദീൻ നന്ദിയോടെ രാവേറെ നീണ്ടുനിന്ന കളിയരാവങ്ങൾക്ക് അറുതിയായി.































