കൊച്ചി: എറണാകുളം മലയാറ്റൂരിൽ അമ്മാവൻ മരുമകനെ കുത്തിക്കൊന്നു. വാക്കുത്തര്‍ക്കത്തിനിടെ കട അടിച്ച് തകര്‍ത്തതോടെയാണ് മരുമകനെ അമ്മാവൻ കുത്തിയത്. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്‍റോ ആണ് മരിച്ചത്. അമ്മയുടെ സഹോദരൻ ടോമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി ജോലി ചെയ്യുന്ന കടയിലേക്കെത്തിയ മരുമകൻ ടിന്‍റോ ആദ്യം വാക്ക് തര്‍ക്കമുണ്ടാക്കി. പിന്നാലെ കട ആക്രമിച്ചു. കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ് കട അടിച്ച് തകർത്തു. ഇതിനിടെ കടയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ടോമി ടിന്റോയെ കുത്തുകയായിരുന്നു. കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ടിന്‍റോയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോമിയെ കാലടി പൊലീസെത്തി അറസ്റ്റ് ചെയ്തു.



























