കാൻബറ: ഓസ്ട്രേലിയൻ പാർലമെന്റിൽ സന്ദർശനത്തിനെത്തിയ ചാൾസ് രാജാവിനെതിരെ കടുത്ത ഭാഷയിൽ ആക്രോശിച്ച് സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ്, പാർലമെൻ്റിൽ രാജാവ് സംസാരിച്ചതിനു ശേഷമാണ് സെനറ്റർ ‘ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ ഞങ്ങളുടെ രാജാവുമല്ല എന്ന് അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞത്. ലിഡിയ തോർപ്പിന്റെ പരാമർശം സഭാംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ! നിങ്ങൾ ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ’ എന്നും ചാൾസ് രാജാവിന് മുന്നിലേക്ക് വരാൻ ശ്രമിച്ച് ലിഡിയ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ലിഡിയയെ നീക്കാൻ ശ്രമിച്ചപ്പോഴും മുറിയുടെ പിൻഭാഗത്ത് നിന്ന് അവർ പ്രതിഷേധം തുടർന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
https://twitter.com/i/status/1848211775789179172
ചാൾസ് രാജാവും കാമില രാജഞിയും പ്രതിഷേധത്തോട് പ്രതികരിക്കാതെ ചടങ്ങിൽ പങ്കെടുക്കുന്നത് തുടർന്നു. സംഭവം വിദേശമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2023ൽ കിരീടമണിഞ്ഞതിന് ശേഷം ചാൾസ് രാജാവിന്റെ ഓസ്ട്രേലിയയിലേക്കുള്ള ആദ്യ സന്ദർശനമാണിത്.പ്രധാനമന്ത്രി ആന്റണി അൽബനീസിയും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണും ചേർന്നാണ് രാജകുടുംബത്തെ പാർലമെന്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്.
100 വർഷത്തിലധികം ബ്രിട്ടീഷ് കോളനിയായിരുന്ന ഓസ്ട്രേലിയ ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. ചാൾസ് രാജാവാണ് നിലവിലെ ഓസ്ട്രേലിയൻ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോർപ്പ് അറിയപ്പെടുന്നത്.
2022ൽ അവർ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോൾ മുഷ്ടി ഉയർത്തിയത് വിവാദമായിരുന്നു. തുടർന്ന് അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങൾ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബർ പ്രസിഡൻ്റ് സ്യൂ ലൈൻസ് നിർദേശിക്കുകയായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ച് റിപ്പബ്ലിക്കായി മാറുന്നതിലേക്ക് ഓസ്ട്രേലിയ നീങ്ങണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ലിഡിയ തോർപ് റിപ്പബ്ലിക്ക് വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശീയ ഓസ്ട്രേലിയക്കാരുമായി ചർച്ചയ്ക്ക് ഒരുങ്ങണമെന്ന് ഫെഡറൽ സർക്കാരിനോട് ആശ്യപ്പെടുകയും ചെയ്തിരുന്നു.






























