തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി.
കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.































