ചാലക്കുടി : താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ കേന്ദ്രത്തിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പുനർനിർമാണം പൂർത്തിയായി. ഉദ്ഘാടനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു . എക്സൈസ് വകുപ്പിന്റെയും നഗരസഭയുടെയും നിർദേശപ്രകാരം 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലയിലെ ഏക ഡി അഡിക്ഷൻ കേന്ദ്രമായ ഇവിടെ നവീകരണം നടപ്പാക്കിയത്.
6പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമാണ് നിലവിലുണ്ടായിരുന്നത്. 30പേരെ കിടത്തി ചികിത്സിക്കാവുന്ന വിധമാണു അധിക സൗകര്യങ്ങൾ ഒരുക്കിയത്. ചികിത്സയ്ക്ക് എത്തുന്നവർക്കു വായനശാലയും വിനോദ ഉപാധികളും ലയൺസ് ക്ലബ് ഒരുക്കി. മുൻ ഇൻ്റർനാഷനൽ ഡയറക്‌ടർ വി.പി.നന്ദകുമാർ മുഖ്യാതിഥിയായിരുന്നു.
എന്റെ പരിസരം, എന്റെ ശുചിത്വം, എന്റെ ഉത്തരവാദിത്തം എന്ന പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാലസ് റിങ് റോഡിൽ പൂച്ചട്ടികളും ബെഞ്ചുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ നിർവഹിക്കുമെന്നു പ്രസിഡന്റ് ജോമി കാവുങ്കൽ, മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർമാൻ സാജു പാത്താടൻ, സെക്രട്ടറി വി.എസ്.സന്ദീപ്, ഡോ. ജോർജ് കോലഞ്ചേരി, ട്രഷറർ ഈപ്പൻ തോമസ് എന്നിവർ അറിയിച്ചു.































