ലണ്ടൻ : ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസിൽ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ റെക്കോർഡ് വേഗത്തിൽ തുടരുന്നു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ നടപടിയാണ് ഇത്. 2024-25 കാലയളവിൽ മാത്രം ഏഴായിരത്തോളം ജീവനക്കാരെയാണ് എൻഎച്ച്എസിൽ നിന്ന് പിരിച്ചുവിട്ടത്. രണ്ടു വർഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
പിരിച്ചുവിടപ്പെട്ടവരിൽ പകുതിയിലധികം പേരും ‘ജോലി ചെയ്യാനുള്ള അപ്രാപ്തി’ മൂലമാണ് പുറത്തായത്. നിശ്ചിത നിലവാരം പുലർത്താത്തവർക്കും ജോലി കൃത്യമായി പൂർത്തിയാക്കാത്തവർക്കുമെതിരെയാണ് കർശന നടപടി. ‘മോശം പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ നൽകില്ല; പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’ – വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. മാനേജർമാരുടെ പ്രവർത്തനം വിലയിരുത്താൻ ‘ലീഗ് ടേബിളുകൾ’ തയാറാക്കുമെന്നും വീഴ്ച വരുത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുറത്താക്കപ്പെടുന്ന ഒരു ജീവനക്കാരന് പകരം മറ്റൊരാളെ നിയമിക്കാൻ എൻഎച്ച്എസിന് ശരാശരി 6,500 പൗണ്ട് ചെലവ് വരുന്നുണ്ട്. എങ്കിലും ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.
ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കും ഇൻഫ്ലുവൻസ വ്യാപനവും കാരണം എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കാര്യക്ഷമതയുള്ള ജീവനക്കാരെ മാത്രം നിലനിർത്തി 10 വർഷത്തെ ആരോഗ്യ പദ്ധതി വിജയിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ എൻഎച്ച്എസ് മാനേജർമാർക്കെതിരെ നടപടിയെടുക്കാൻ മടിച്ചിരുന്നുവെന്നും ഇവിടുന്ന് പിരിച്ചുവിടുന്നവർ മറ്റൊരിടത്ത് നിയമനം നേടുന്ന രീതി ഇനി അനുവദിക്കില്ലെന്നും മുൻ ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു അതേസമയം, വീഴ്ച വരുത്തുന്നവർക്ക് ശിക്ഷയ്‌ക്കൊപ്പം തന്നെ ആവശ്യമായ പരിശീലനം നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.































