അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെ, ടൂര്‍ണമെന്റിലെ താരമായി മാറിയ സഞ്ജു സാംസണിന്റെ കുതിപ്പിന് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്. ടീമില്‍ സ്ഥാനമുറപ്പില്ലാതിരുന്നിട്ടും, അവസരം ലഭിച്ചപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സഞ്ജു ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിനെ കോട്ടക് പ്രശംസിച്ചു.സാങ്കേതിക മാറ്റങ്ങളും കാത്തിരിപ്പും
ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ഈ ഘട്ടത്തില്‍ സഞ്ജുവിന്റെ ബാറ്റിംഗില്‍ വരുത്തിയ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് കോട്ടക് വിശദീകരിച്ചു. ”സഞ്ജുവിന്റെ ട്രിഗര്‍ മൂവ്മെന്റില്‍ മാറ്റം വരുത്താന്‍ ഏകദേശം ആറു മുതല്‍ എട്ടു മാസം വരെ സമയമെടുത്തു. പന്തിനെ നേരിടുമ്പോള്‍ കാലുകള്‍ക്കിടയിലുള്ള അകലം കൃത്യമാക്കാനും സ്ഥിരതയുള്ള ഒരു ബേസ് സൃഷ്ടിക്കാനും ഇത് സഹായിച്ചു. ഇതിലൂടെയാണ് നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജുവിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചത്.” സിതാന്‍ഷു പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു… ”ഞാന്‍ എപ്പോഴും സഞ്ജുവിനോട് പറയുമായിരുന്നു, എപ്പോള്‍ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം, നീ തയ്യാറായിരിക്കണം എന്ന്. വിഷമിക്കേണ്ട, ടീമിന് എന്നെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ എന്റെ സംഭാവന നല്‍കും എന്നായിരുന്നു ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ മറുപടി.” സിതാന്‍ഷു കൂട്ടിചേര്‍ത്തു.































