റോം: മാൾട്ടയിൽ നിന്ന് സിസിലിയിലേക്ക് വരികയായിരുന്ന സ്പീഡ് ബോട്ട് തകരാറിലായതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് എറിഞ്ഞ 7 ലക്ഷം യൂറോ (ഏകദേശം 6.3 കോടിയിലധികം ഇന്ത്യൻ രൂപ) ഇറ്റാലിയൻ അധികൃതർ കടലിൽ നിന്ന് തിരിച്ചുപിടിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി ബോട്ടിലുണ്ടായിരുന്ന നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഇറ്റലിയിലെ രാഗുസ പ്രവിശ്യയിലുള്ള കാസുസ്സെ തീരത്തുവെച്ചാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. 18 അടി നീളമുള്ള വിനോദസഞ്ചാര ബോട്ടിൽ ഇന്ധനം തീരുകയും എഞ്ചിൻ തകരാറിലാകുകയും ചെയ്തതോടെ ബോട്ട് തീരത്തിനടുത്ത് കുടുങ്ങി. രക്ഷാപ്രവർത്തകർ എത്തുന്നതിന് തൊട്ടുമുമ്പ്, ബോട്ടിലുണ്ടായിരുന്നവർ നോട്ടുകെട്ടുകൾ അടങ്ങിയ വലിയ പാക്കറ്റുകൾ കടലിലേക്ക് വലിച്ചെറിയുകയായിരുന്നു.
കടലിൽ നോട്ടുകെട്ടുകൾ ഒഴുകിനടക്കുന്നത് കണ്ട തീരത്തുണ്ടായിരുന്ന ആളുകൾ പണം കൈക്കലാക്കാൻ വെള്ളത്തിലേക്ക് ചാടിയത് വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ്, ഗ്വാർഡിയ ഡി ഫെൻസ് , സ്റ്റേറ്റ് പോലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തിയാണ് പണം പൂർണ്ണമായും വീണ്ടെടുത്തത്.രാഗുസ പോലീസ് കമ്മീഷണർ സാൽവത്തോറെ ഫാസിനോ വ്യക്തമാക്കിയത് അനുസരിച്ച്, “ബോട്ടിന്റെ എഞ്ചിൻ തകരാറിലായില്ലായിരുന്നു എങ്കിൽ ഈ പണം കടത്ത് പിടികൂടാൻ കഴിയില്ലായിരുന്നു എന്നാണ് .കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് ഇടപാടുകൾ, അല്ലെങ്കിൽ വ്യാജ കറൻസി കടത്ത് എന്നിവയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ പ്രതികൾക്ക് വേണ്ടി പ്രമുഖ മാൾട്ടീസ്, ഇറ്റാലിയൻ അഭിഭാഷകർ ഹാജരായിട്ടുണ്ട്































