മാൾട്ട: പൊതുസ്ഥലങ്ങളിൽ ‘അനുചിതമായ വസ്ത്രധാരണം’ നടത്തിയെന്നാരോപിച്ച് മാൾട്ടയിൽ 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തി. ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 401 പിഴകളാണ് പൊലീസ് ചുമത്തിയത്.ജൂലൈ 8 മുതൽ പ്രാബല്യത്തിൽ വന്ന നടപടിയുടെ ഭാഗമായി മാൾട്ടയിലെ ക്രിമിനൽ കോഡ് പ്രകാരമാണ് പിഴ ഈടാക്കുന്നത്. കടൽത്തീരത്തോ മറ്റ് പൊതുസ്ഥലങ്ങളിലോ നഗ്നരായോ ‘അനുചിതമായി വസ്ത്രം ധരിച്ചോ’ പ്രത്യക്ഷപ്പെടുന്നത് നിയമലംഘനമായി കണക്കാക്കുന്നു.
ഏറ്റവും കൂടുതൽ പിഴ രേഖപ്പെടുത്തിയത് St Julian’s മേഖലയിലാണ്. ഇവിടെ 146 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. Swieqiയിൽ 100 ഉം Sliemaയിൽ 91 ഉം പിഴകൾ ചുമത്തി. ഇവയ്ക്കു പിന്നാലെ Gżiraയിൽ എട്ട് കേസുകളും St Paul’s Bayയിൽ 20 കേസുകളും Mellieħaയിൽ 19 കേസുകളും രേഖപ്പെടുത്തി. Valletta, San Ġwann എന്നിവിടങ്ങളിൽ നാല് വീതവും Floriana, Mġarr, Birżebbuġa എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു.
പിഴയായി ലഭിച്ചത് 14,175 യൂറോ
ആകെ 401 പിഴകളിൽ 235 പേർക്ക് 25 യൂറോ വീതവും 166 പേർക്ക് 50 യൂറോ വീതവും പിഴ ചുമത്തി. ഇതുവഴി ആകെ 14,175 യൂറോ പിഴയായി ലഭിച്ചു. പിഴയുടെ കുറഞ്ഞ തുക പിന്നീട് 25 യൂറോയിൽ നിന്ന് 50 യൂറോയായി ഉയർത്തിയിരുന്നു.
പൊതുസ്ഥലങ്ങളിലെ സാമൂഹികവിരുദ്ധ പെരുമാറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ ശക്തമാക്കിയത്. പ്രത്യേകിച്ച് Sliema, Paceville, Swieqi തുടങ്ങിയ നൈറ്റ്ലൈഫ് മേഖലകളിലാണ് അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
അതേസമയം, നീന്തൽ വസ്ത്രം ധരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് പുറത്തേക്ക് പോകുന്നവർക്ക് 75 യൂറോ പിഴയെന്ന മുന്നറിയിപ്പ് അടങ്ങിയിരുന്ന ചില ബോർഡുകൾ പിന്നീട് മാറ്റിയിരുന്നു. ആ പിഴയ്ക്ക് നിയമപരമായ വ്യക്തതയുണ്ടോ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു നടപടി.


























