മാൾട്ട: രാജ്യത്തെ ഊർജ സബ്സിഡികൾ അവസാനിക്കുന്ന സാഹചര്യം നേരിടാൻ ഹോട്ടൽ മേഖല ഇപ്പോഴേ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് മുന്നറിയിപ്പ്. ഊർജ ചെലവുകളിലുണ്ടാകുന്ന വർധന ഹോട്ടലുകളുടെ പ്രവർത്തനച്ചെലവിനെയും ലാഭവിഹിതത്തെയും ബാധിക്കാനിടയുള്ളതിനാൽ ദീർഘകാല പദ്ധതികൾ തയ്യാറാക്കണമെന്നാണ് നിർദേശം.
**Malta Hotels and Restaurants Association (MHRA)**യ്ക്കായി Deloitte നടത്തിയ രണ്ടാം പാദ സർവേയിലാണ് ഹോട്ടൽ മേഖലയിലെ പുതിയ പ്രവണതകൾ വ്യക്തമാകുന്നത്. ഊർജ സബ്സിഡികൾ നിലവിൽ ഹോട്ടലുകളുടെ പ്രവർത്തനച്ചെലവിലെ സമ്മർദ്ദം കുറയ്ക്കുന്നുണ്ടെങ്കിലും, ഇവ അവസാനിക്കുന്ന സാഹചര്യത്തിൽ അധിക ചെലവ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സ്ഥാപനങ്ങൾ ഇപ്പോഴേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
അതേസമയം, മാൾട്ടയിലെത്തുന്ന വിനോദസഞ്ചാരികളുടെ ശരാശരി താമസദൈർഘ്യം കുറയുന്നതായും സർവേയിൽ കണ്ടെത്തി. ഇതിന്റെ ഫലമായി ഓരോ വിനോദസഞ്ചാരിയിൽ നിന്നുമുള്ള ശരാശരി ചെലവിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.ഈ വർഷം ഇതുവരെ ഏകദേശം 26 ലക്ഷം വിനോദസഞ്ചാരികൾ മാൾട്ടയിലെത്തിയിട്ടുണ്ട്. നിലവിലെ പ്രവണത തുടർന്നാൽ വർഷാവസാനത്തോടെ സന്ദർശകരുടെ എണ്ണം ഏകദേശം 48 ലക്ഷമായി ഉയർന്നേക്കുമെന്നാണ് കണക്ക്.എന്നാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം, രാജ്യത്ത് എത്തുന്ന ഓരോ സഞ്ചാരിയിൽ നിന്നുമുള്ള ചെലവ് വർധിപ്പിക്കുകയെന്നതും പ്രധാന വെല്ലുവിളിയായി തുടരുകയാണ്. ഒരു രാത്രിക്ക് ഓരോ വിനോദസഞ്ചാരിയിൽ നിന്നും €275–€285 വരെ ശരാശരി ചെലവ് നേടുകയെന്ന ലക്ഷ്യത്തിന് പകരം നിലവിലെ ശരാശരി ഏകദേശം €166 മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹോട്ടൽ മേഖലയിലും സമ്മർദ്ദം
അഞ്ച്, നാല് സ്റ്റാർ ഹോട്ടലുകളിൽ രണ്ടാം പാദത്തിൽ occupancy നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായും സർവേ വ്യക്തമാക്കുന്നു. ഹോട്ടൽ മുറികളുടെ ലഭ്യത വർധിച്ചതോടെ ശരാശരി മുറിനിരക്കുകളിലും സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്.
സർവേയിൽ പങ്കെടുത്ത ഹോട്ടലുകളിൽ 46 ശതമാനത്തിൽ, ലഭ്യമായ ഓരോ മുറിയിലും നിന്നുള്ള വരുമാനത്തിലെ വളർച്ച, ഓരോ മുറിക്കും വരുന്ന ചെലവിന്റെ വളർച്ചയ്ക്ക് തുല്യമോ അതിൽ താഴെയോ ആയിരുന്നു. ഇത് ഹോട്ടലുകളുടെ ലാഭവിഹിതത്തിൽ സമ്മർദ്ദം വർധിക്കുന്നതിന്റെ സൂചനയായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കാൻ അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുതിയ അനുഭവങ്ങളും സേവനങ്ങളും ഒരുക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
അതേസമയം, തൊഴിലാളി ചെലവുകൾ ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവ് നിയന്ത്രിക്കാൻ സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും കൂടുതൽ നിക്ഷേപം നടത്തുന്നത് ഹോട്ടലുകൾക്ക് സഹായകരമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചുരുങ്ങിയ താമസകാലയളവിനൊപ്പം, മാൾട്ടയിലെ സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ സന്ദർശനത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടേറിയ മാസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ബീച്ചുകൾക്ക് മുൻഗണന നൽകുന്നതായും സർവേയിൽ കണ്ടെത്തി.അതിനാൽ, വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം അവരുടെ താമസകാലയളവും ചെലവിടലും വർധിപ്പിക്കുക, പ്രവർത്തനച്ചെലവ് നിയന്ത്രിക്കുക, ഊർജ സബ്സിഡികൾ അവസാനിച്ചാൽ ഉണ്ടാകാവുന്ന അധിക ചെലവുകൾ നേരിടുക എന്നിവയാണ് മാൾട്ടയിലെ ഹോട്ടൽ മേഖലയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.



























