കലബുറഗി: മകന്റെ പ്രായമുള്ള കാമുകന് നൽകിയത് ലക്ഷങ്ങൾ. തിരികെ ചോദിച്ചതിന് പിന്നാലെ 57കാരിയായ അധ്യാപികയ്ക്ക് നഷ്ടമായത് ജീവൻ. കർണാടകയിലെ കലബുറഗിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിൽ പ്രണയ ബന്ധത്തിൽ പണത്തിനോടുള്ള അത്യാഗ്രഹമെന്ന സൂചനയുമായി പൊലീസ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കലബുറഗി ജില്ലയിലെ കമലാപുർ താലൂക്കിലുള്ള കലമൂഡ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് കമലാപുർ പൊലീസ് അന്വേഷണം ഊർജിതമാക്കി. കലബുറഗി സ്വദേശിനിയായ ജ്യോതി കപാളെ (57) ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വാഞ്ജരഖേഡ സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്നു ജ്യോതി.
അവിവാഹിതയായ ജ്യോതി ഭാൽക്കിയിലായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസങ്ങളിൽ കലബുറഗിയിലെ ആനന്ദ് നഗറിലുള്ള അമ്മയുടെ വീട്ടിലേക്ക് വരുമായിരുന്നു. ഈ സമയത്താണ് അയൽവാസിയായ അമർ ഗുഡ്ഡള്ളി (27) എന്ന യുവാവുമായി ജ്യോതി പരിചയത്തിലാകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ജ്യോതിയുടെ പണമായിരുന്നു വിവാഹിതനും കുട്ടികളുമുള്ള അമർ ലക്ഷ്യമിട്ടിരുന്നത്. 15 മുതൽ 20 ലക്ഷം രൂപ വരെ ജ്യോതി അമറിന് നൽകിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ പണം ഉപയോഗിച്ചാണ് അമർ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. അടുത്തിടെ 27കാരൻ ഥാർ കാർ വാങ്ങിയിരുന്നു.
അടുത്തിടെ താൻ നൽകിയ പണം തിരികെ വേണമെന്ന് ജ്യോതി അമറിനോട് ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ ജ്യോതിയെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ അയാൾ പദ്ധതിയിട്ടു. ഏപ്രിൽ 3ന് ജ്യോതിയെയും കൂട്ടി അമർ തന്റെ ഥാർ കാറിൽ ക്ഷേത്രത്തിലും മറ്റ് പല സ്ഥലങ്ങളിലും കറങ്ങാൻ പോയി. രാത്രിയായപ്പോൾ കലമൂഡിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, നേരത്തെ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി കാറിന്റെ ഡിക്കിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.































