അന്യഗ്രഹ ജീവികള്‍ ഭൂമിയിലെ കാഴ്ചകള്‍ കാണുന്നുവെന്ന് ചില പഠനങ്ങൾ. പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്ന് അന്യഗ്രഹജീവികൾ അവരുടെ അത്യാധുനിക ദൂരദർശിനികൾ ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് തത്സമയം നിരീക്ഷണമല്ലെന്നും ഏതാണ്ട് 3,000 വർഷങ്ങൾക്ക് ശേഷമെങ്കിലും ഭൂമിയിലെ ഇന്നത്തെ സംഭവങ്ങളെക്കുറിച്ച് അവർ അറിയുമെന്നുമാണ് പുതിയ പഠനം പറയുന്നത്. അനേകായിരം കിലോമീറ്റര്‍ ദൂരെ നിന്ന് നോക്കുമ്പോള്‍ കാഴ്ചയിലുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായി പഠന സംഘം ചൂണ്ടിക്കാണിക്കുന്നത്.
ഭൂമിയില്‍ നിന്നുള്ള വെളിച്ചം അന്യഗ്രഹ ജീവികളുടെ അടുത്തെത്താന്‍ കുറഞ്ഞത് 3,000 വർഷമെങ്കിലും സഞ്ചരിക്കേണ്ടിവരും. അതിനാല്‍ അന്യഗ്രഹ ജീവികള്‍ ഇപ്പോള്‍ കാണുന്നത് ഭൂമിയിലെ മനുഷ്യരുടെ പൂര്‍വ്വികരായ റോമൻ, യെമൻ, ഇന്ത്യൻ, ഈജിപ്ഷ്യൻ നാഗരികതകളായിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ പൂർത്തിയായികൊണ്ടിരിക്കുന്ന 2024 മാർച്ച് മാസത്തെ ആക്റ്റ ആസ്ട്രോനോട്ടിക്ക (Acta Astronautica) എഡിഷനിൽ, ആർ വി വിസിബിൾ ടു അഡ്വാൻസ്ഡ് ഏലിയൻ സിവിലൈസേഷൻസ് (Are We Visible To Advanced Alien Civilisations?) എന്ന തലക്കെട്ടിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്‍റലിജൻസ് (SETI) ഇൻസ്റ്റിറ്റ്യൂട്ടിലെ (Research Affiliate at the Search for Extraterrestrial Intelligence (SETI) Institute) ഗവേഷകനായ സെഡ്എന്‍ ഉസ്മാനോവ് (ZN Osmanov) ആണ് ഈ പഠനത്തിന്‍റെ രചിയതാവ്. ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് നമ്മുടെ നീല ഗ്രഹം അന്യഗ്രഹ ജീവികൾക്ക് ദൃശ്യമാകാൻ പരമാവധി 3,000 പ്രകാശവർഷം എടുക്കുമെന്നാണ് ഉസ്മാനോവ് അവകാശപ്പെടുന്നത്.






























