സിഡ്നി: വാടകക്കാരനോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്. സിഡ്നിയിലെ ഡുൽവിച്ച് ഹില്ലിലെ വീട് വിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വാടകക്കാരനായ ജിം ഫ്ലാനഗൻ എന്ന യുവാവിനോട് ഒഴിയാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നാല് വർഷത്തോളമായി ഈ വീട്ടിൽ താമസിച്ചിരുന്നയാൾ വീട് ഒഴിയാൻ തയ്യാറാകാതെ വരികയും പ്രധാനമന്ത്രിയോട് അപേക്ഷയുമായി എത്തുകയും ചെയ്തതിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് വാടക്കാരനോട് ഒഴിയാൻ ആവശ്യപ്പെട്ട നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.
അഭിഭാഷകയും പ്രതിശ്രുത വധുവുമായ ജോഡി ഹെയ്ഡനുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി വീട് വിൽക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. വീട്ടുടമ എന്ന നിലയിൽ വാടകക്കാരോട് വളരെ അധികം മാന്യമായാണ് താൻ ഇടപെട്ടതെന്നും നാല് വർഷം മുൻപത്തെ മാർക്കറ്റിലെ വാടകയേക്കാൾ 50 ശതമാനത്തോളം കുറഞ്ഞ തുകയ്ക്കാണ് വീട് വാടകയ്ക്ക് നൽകിയിരുന്നതെന്നും ആൻ്റണി ആൽബനീസ് പ്രതികരിച്ചു. മൂന്ന് മാസത്തെ സമയമാണ് വീട് ഒഴിയാനായി നൽകിയിരിക്കുന്നത്. വാടകക്കാരൻ സംസാരിക്കാൻ തയ്യാറാവാത്തതിനാൽ റിയൽ എസ്റ്റേറ്റ് ഏജൻറ് ഇയാൾക്ക് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസ് നൽകിയിരുന്നു. സ്വകാര്യ ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് വീട് വിൽക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം ജിം ഫ്ലാനഗനും മുൻ പങ്കാളിയും നേരത്തെ ആന്‍റണി ആൽബനീസിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കോവിഡ് മഹാമാരി സമയത്ത് വാടകയിൽ വലിയ രീതിയിൽ ഇളവ് കാണിച്ചെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. അടുത്തിടെയാണ് യുവാവ് പങ്കാളിയുമായി പിരിഞ്ഞത്.