ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ വിസ മരവിപ്പിച്ചതില്‍ നിലപാട് മാറ്റാതെ ചൈന. ഒരാഴ്ച മുമ്ബാണ് ദ് ഹിന്ദുവിലെ അനന്ത്കൃഷ്ണന്റെയും പ്രസാര്‍ഭാരതിയിലെ അന്‍ഷുമാന്‍ മിശ്രയുടെയും വിസ മരവിപ്പിച്ചത്.
ഇന്ത്യയിലേക്ക് അവധിക്ക് പോയ ഇരുവരും ബീജിംഗിലേക്ക് മടങ്ങിയെത്താന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിസ മരവിപ്പിച്ച കാര്യം അറിയുന്നത്. ഇരുവരേയും ഇനി ചൈനയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ചൈനയുടെ നിലപാട്.
ഇരു രാജ്യങ്ങളും തമ്മിലെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ വിസ മരവിപ്പിച്ച നടപടിയില്‍ ചൈനയുടെ കടുംപിടിത്തം തുടരുകയാണ്.ഇത് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.ഇന്ത്യയില്‍ ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകര്‍ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ചാണ് ചൈനയുടെ നടപടി.വിസ മരവിപ്പിക്കല്‍ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. അതേസമയം, ചൈനയിലുള്ള ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഇന്ത്യയിലേക്ക് മടങ്ങിയാല്‍ തിരികെ ബീജിംഗിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ചൈന അറിയിച്ചു.
ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ അനീതിയും വിവേചനവും നേരിടുന്നുവെന്നാണ് ചൈനയുടെ ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് 2020 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കാന്‍ അനുവദിക്കുകയോ പുതിയതായി വിസ അനുവദിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന പല ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരേയും രാജ്യം വിടാന്‍ ഇന്ത്യ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ചൈന പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യ നയം വ്യക്തമാക്കിയിട്ടില്ല.