കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തുറന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡന്‍ റെസ്റ്റോറന്റുകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിച്ച് താലിബാന്‍.ഇത്തരം സ്ഥലങ്ങളില്‍ പുരുഷന്മാരുമായി സ്ത്രീകള്‍ ഇടപഴകുന്നുവെന്ന മതപുരോഹിതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഹെറാത്ത് പ്രവിശ്യയിലാണ് ഇപ്പോള്‍ നിയന്ത്രണം.ഔട്ട്‌ഡോര്‍ ഭക്ഷണശാലകള്‍ ഹെറാത്തിലാണെന്നതും ഇവിടെ പുരുഷന്‍മാരുമായി ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ ഇടപഴകുന്നത് ശ്രദ്ധയിപെട്ടതുമാണ് നിരോധനത്തിന് കാരണം.
അഫ്ഗാനിസ്ഥാനില്‍ 2021ല്‍ താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ വന്ന നിരോധനങ്ങളില്‍ ഒടുവിലത്തേതാണിത്. ആറാം ക്ളാസിന് അപ്പുറം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന സ്കൂളുകളെല്ലാം താലിബാന്‍ നിറുത്തലാക്കി. യൂണിവേഴ്സിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിരോധിച്ചു. യുണൈറ്റഡ് നേഷന്‍ ഓഫീസിലേത് ഉള്‍പ്പെടെയുള്ള പൊതു ഓഫീസുകളില്‍ വനിതകള്‍ ജോലിക്ക് പോകുന്നതും നിരോധിച്ചു. പാര്‍ക്കിലും ജിമ്മുകളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്.