സിഡ്നി: സ്വവർഗ രക്ഷകർതൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങൾ (same-sex parenting) ഓസ്ട്രലിയൻ ലൈബ്രറികളിൽ സുലഭമായി ലഭിക്കുന്നതിനെതിരേ ചർച്ചകൾ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് മതവിശ്വാസികളായ മാതാപിതാക്കൾ ഉന്നയിക്കുന്ന ആശങ്കകൾ അവഗണിക്കപ്പെടുന്നതും സമീപകാല കാഴ്ച്ചയാണ്. സിഡ്നിയിലെ പ്രാദേശിക സിറ്റി കൗൺസിലിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
സിഡ്നിയിലെ കംബർലാൻഡ് സിറ്റി കൗൺസിലിന്റെറെ കീഴിലുള്ള ലൈബ്രറികളിൽ സ്വവർഗ രക്ഷകർതൃത്വത്തിന് സഹായകമാകുന്ന പുസ്തകങ്ങൾ നിരോധിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലൈബ്രറിയിലെ കുട്ടികളുടെ വിഭാഗത്തിൽ ലഭ്യമാക്കിയിരുന്ന ഇത്തരം പുസ്തകങ്ങൾ മാതാപിതാക്കളുടെ പ്രതിഷേധത്തെതുടർന്നാണ് പിൻവലിച്ചത്. എന്നാൽ സ്വവർഗാനുരാഗ ആശയങ്ങളെ പിന്തുണയ്ക്കുന്ന കൗൺസിൽ അംഗങ്ങളുടെ പിന്തുണയോടെ ഈ നിരോധനം അസാധുവാക്കിയതായി ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.
നാലുമണിക്കൂറിലേറെ നീണ്ട രൂക്ഷമായ വാദപ്രതിവാദത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം കംബർലാൻഡ് സിറ്റി കൗൺസിലിലെ 12 അംഗങ്ങളുടെ പിന്തുണയോടെ നിരോധനം അസാധുവാക്കുന്ന പ്രമേയം പാസാക്കിയത്. ലൈബ്രറികളിലെ കുട്ടികളുടെ വിഭാഗത്തിൽ സ്വവർഗ രക്ഷകർതൃത്വം സംബന്ധിച്ച പുസ്തകങ്ങൾ വീണ്ടും ലഭ്യമാക്കാനാണു തീരുമാനം.
വാദപ്രതിവാദം നടക്കുന്ന സമയത്ത് കൗൺസിൽ ചേംബറിന് പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇടതു ചിന്താഗതിയുള്ള പ്രൈഡ് ഇൻ പ്രൊട്ടസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളും പ്രദേശത്തെ മുതിർന്ന അംഗങ്ങളും തമ്മിലാണ് ഈ വിഷയത്തിൽ ഏറ്റുമുട്ടിയത്. സംഘർഷ സാധ്യതയെ തുടർന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരും രണ്ട് കൗൺസിൽ സുരക്ഷാ ഗാർഡുകളും ചേംബറിനുള്ളിൽ നിലയുറപ്പിച്ചിരുന്നു. കെട്ടിടത്തിനു പുറത്തും കനത്ത പോലീസ് കാവലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് 200ലധികം സ്വവർഗാനുകൂലികൾ സംഘർഷത്തിനു ശ്രമിച്ചത്.
സ്വവർഗ രക്ഷകർതൃത്വം സംബന്ധിച്ച പുസ്തകങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടെന്ന് അറിയിച്ച കൗൺസിലർ സ്റ്റീവ് ക്രിസ്റ്റൂവാണ് ചർച്ചയ്ക്ക് ആദ്യം തുടക്കമിട്ടത്. ഇത്തരം പുസ്തകങ്ങൾ കുട്ടികളുടെ വിഭാഗത്തിൽ ലഭ്യമാക്കുന്നതിനെതിരേ കടുത്ത വിയോജിപ്പാണ് മാതാപിതാക്കൾക്കുള്ളത്. പരമ്പരാഗത കുടുംബ മൂല്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ആശയങ്ങളെ പിന്തുണയ്ക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് നിയന്ത്രണങ്ങളില്ലാതെ ലഭിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെ ബാധിക്കും. സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ലഭിക്കുന്ന അമിത പ്രചാരണങ്ങൾ കുട്ടികളെ ഈ പുസ്തകങ്ങളിലേക്ക് ആകർഷിക്കുമെന്നും മാതാപിതാക്കൾ പറയുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയകൾ ആവശ്യപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ കൗൺസിലിന്റെ നീക്കത്തെ ആശങ്കയോടെയാണ് മാതാപിതാക്കൾ കാണുന്നത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത നീക്കങ്ങളിലൂടെ അവർ ആശയക്കുഴപ്പത്തിലാകുകയും അവരിലേക്ക് സ്വവർഗാനുരാഗ ആശയങ്ങൾ കുത്തിനിറയ്ക്കാനുള്ള സാധ്യതകൾ എളുപ്പമാകുകയും ചെയ്യുമെന്ന്, പരമ്പരാഗത കുടുംബ മൂല്യങ്ങളിൽ വിശ്വസിക്കുന്ന മാതാപിതാക്കൾ കരുതുന്നു.