കൊച്ചി: കൊച്ചിയിലെ സ്കൂളുകൾക്ക് അവധി നല്കിയതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ വിമർശനങ്ങൾ. ഏഴാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പുക ബാധകമല്ലേ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. ബ്രഹ്മപുരത്തെ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഏഴാം ക്ലാസ്സ് വരെ ഉള്ളവർക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
പുകയിൽ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ 7 പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.