കൊച്ചി: കൊച്ചി നഗരത്തിൽ ഭിക്ഷാടകർ തമ്മിലുള്ള തർക്കത്തിനിടെ കൊലപാതകം. തമിഴ്നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശി റോബിൻ പിടിയിലായി. രാവിലെ ആറരയോടെ ജോസ് ജംക്ഷന് സമീപമാണ് സംഭവം. തമിഴ്നാട് സ്വദേശി സാബുവിനെ 71 കാരനായ റോബിൻ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
മൂന്ന് തവണയാണ് സാബുവിന് കുത്തേറ്റത്. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ റോബിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു. രാവിലെ കണ്ടുമുട്ടിയപ്പോൾ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിൽ സുക്ഷിച്ചിരിക്കുകയാണ്. തെളിവെടുപ്പിനിടെ, കൊല ചെയ്ത ശേഷം റോബിൻ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും