കൊച്ചി: എറണാകുളം കലൂരിൽ, ലോഡ്ജിൽ നിന്ന് 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോഡ് ബേടഡുക്ക സ്വദേശി സഹദ് മുഹമ്മദ് മൊയ്ദീൻ (21) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി മലപ്പുറം തവനൂർ സ്വദേശി മുഹമ്മദ് ആഷിക്ക് (21) ഒളിവിലാണ്. സഹദ് മുഹമ്മദിനെ ഒന്നാം പ്രതിയാക്കിയും ആഷിക്കിനെ രണ്ടാം പ്രതിയാക്കിയുമാണ് എക്സൈസ് കേസെടുത്തത്.
അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെപി പ്രമോദും പാർട്ടിയും ചേർന്നാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. കാസർകോഡ് നിന്നും കഞ്ചാവ് കൊണ്ടുവന്ന് കലൂർ, ഇടപ്പിള്ളി, പാലാരിവട്ടം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.































