കോഴിക്കോട്: ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയ കോഴിക്കോട്ടെ ഹർഷിന സർക്കാരിനെതിരെ വീണ്ടും സമരത്തിന്. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് ഈ മാസം 22ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലാണ് ഉപവാസ സമരം. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും സമരത്തിനുണ്ട്.
അഞ്ചുവർഷം വയറ്റിൽ ശസത്രക്രിയ ഉപകരണം കുടുങ്ങി കഴിഞ്ഞതിനേക്കാൾ വേദനയാണ് സർക്കാരിന്റെ അവഗണനയ്ക്കെന്ന് ഹർഷിന. കോഴിക്കോട്ട് തുടങ്ങിയ സമരം നേരിട്ടെത്തി അവസാനിപ്പിച്ച് ആശ്വസിപ്പിച്ച് പോയ ആരോഗ്യമന്ത്രിയെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. അന്നു നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ ഫോണിൽ സംസാരിക്കാൻ പോലും മന്ത്രി തയ്യാറാവാതെ ആയതോടെയാണിപ്പോൾ ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.കോഴിക്കോട് മെഡി. കോളേജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ പരാതി. അഞ്ചുവർഷം ഈ വേദന സഹിച്ച് ജീവിച്ചു. തുടർന്ന് ഇത് കണ്ടെത്തി നീക്കം ചെയ്തു. ഇതിനിടെ ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും പിഴവ് സംഭവിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് ആരോഗ്യമന്ത്രി വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. കേസന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതപ്പെടുത്തുകയും ചെയതെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. കുറ്റക്കാരായ ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ ഉചിതമായ നടപടി വേണമെന്നാണ് ഹർഷിനയുടെ പ്രധാനം ആവശ്യം.