കൊച്ചി: പിറന്നാളാഘോഷത്തിനായി വാങ്ങിയ ബലൂണുകളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി.
എരൂർ ഭാഗത്തെ കടയിൽ നിന്ന് വാങ്ങിയ ബലൂണുകളിലാണ് “ഐ ലൗവ് പാകിസ്ഥാൻ’ എന്ന എഴുത്തും പതാകയും കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് കട അടപ്പിച്ചു.
മകന്റെ പിറന്നാളാഘോഷത്തിനായി എരൂർ സ്വദേശി ഗിരീഷ് കുമാർ തിങ്കളാഴ്ച രാത്രിയാണ് കടയിൽ നിന്ന് ബലൂണുകൾ വാങ്ങിയത്. വീട്ടിലെത്തി വീർപ്പിച്ച നോക്കിയപ്പോഴാണ് വെളുത്ത ബലൂണുകളിൽ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഗിരീഷ് കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗിരീഷ് കുമാറിന്റെ പരാതിയിൽ കടയിലുണ്ടായിരുന്ന ബലൂണകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല.
അതേസമയം വെളുത്ത നിറത്തിലുള്ള ബലൂണുകളിലായിരുന്നു പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിരുന്നതെന്നും അവ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തൃപ്പൂണിത്തുറ എരൂർ ചേലേക്കുവഴിയിൽ അടുത്തിടെ കാസർകോട് സ്വദേശി തുടങ്ങിയ കടയിൽ നിന്നാണ് ബലൂണുകൾ വാങ്ങിയത്.
ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂർ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടർന്ന് അടച്ചു. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നൽകിയിട്ടുണ്ടെന്നും ബലൂൺ പാക്കറ്റിൽ നിർമ്മാതാവിൻ്റെ വിവരങ്ങൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.