ഹരിപ്പാട്: കരുവാറ്റയിൽ ഗൃഹനാഥനെ അതിദാരുണമായി കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. പിടിയിലായ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. പതിമൂന്നുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണ് സുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിക്ക് ഐഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങാനായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി പുറത്തുകണ്ടത്. അന്ന് രാത്രി തന്നെ കൊലപാതകം നടന്നതായാണ് പൊലീസ് കരുതുന്നത്. മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായതിനാൽ വാടകവീട്ടിൽ ഇദ്ദേഹവും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. രണ്ടുദിവസമായി വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാനായി സമീപത്ത് മുളകുപൊടി വിതറിയിരുന്നു. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ട നിലയിലായിരുന്നു.
ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കൊലപാതകത്തിന് ശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ പതിമൂന്നുകാരിയെ കാണിച്ചുകൊടുത്തിരുന്നു. ശിവൻകുട്ടിയുടെ മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിന് സമീപം മക്കൾക്കുവേണ്ടി ഇദ്ദേഹം രണ്ട് വീടുകൾ പണിതുകൊണ്ടിരിക്കുകയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.






























