തിരുവനന്തപുരം: ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിന്റെ ഞെട്ടലില്‍ നാട്. കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. കെ ടി സി ടി ആര്‍ട്സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു.
പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.