“നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് $5,500 ഡോളർ ജോസഫ് സ്റ്റീഫൻസന് ട്രാൻസ്ഫർ ചെയ്യാൻ ശ്രമമുണ്ടായിരിക്കുന്നു. ഇത് നിങ്ങൾ ചെയ്തതല്ല എങ്കിൽ ഉടൻ ഈ നമ്പരിൽ ബന്ധപ്പെടുക” ഇത്തരം ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് എത്തിയാൽ എന്തു ചെയ്യും? അതും, നിങ്ങളുടെ ബാങ്കിൽ നിന്ന് സ്ഥിരമായി മെസേജുകൾ ലഭിക്കുന്നതിന്റെ തുടർച്ചയെന്ന രീതിയിൽ.ഭൂരിഭാഗം പേരും ചെയ്യുന്ന കാര്യം തന്നെയാണ് മെൽബൺ സ്വദേശിയായ ജെയിംസ് ഗ്രീനും ചെയ്തത്. എത്രയും വേഗം ആ നമ്പരിൽ വിളിച്ച് ട്രാൻസ്ഫർ തടയാൻ ശ്രമിച്ചു.ഈ ഫോൺകോളിലൂടെ ജെയിംസിന് നഷ്ടമായത് 98,000 ഡോളറാണ്.മെസേജിംഗ് തട്ടിപ്പിന്റെ ഏറ്റവും പുതിയ രൂപമായിരുന്നു അത്. തട്ടിപ്പുകാർ കൂടുതൽ സാങ്കേതികത്തികവോടെ നടത്തുന്ന മോഷണം.ജെയിംസിന് അക്കൗണ്ടുള്ള വെസ്റ്റ്പാക് ബാങ്കിന്റെ പേരിലായിരുന്നു സന്ദേശം. വെസ്റ്റ്പാക് ജീവനക്കാരനുമായാണ് സംസാരിക്കുന്നത് എന്ന ഉറച്ച വിശ്വാസത്തിലാണ് ജെയിംസ് ഫോൺ വിളിച്ചത്.
നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ഒരേയൊരു മാർഗം പണം പുതിയ ഒരു അക്കൗണ്ടിലേക്ക് മാറ്റിയതിന് ശേഷം നിലവിലെ അക്കൗണ്ട് നിർത്തലാക്കുക എന്നതായിരുന്നു ജെയിംസിന് ലഭിച്ച ഉപദേശം.രണ്ടു ദിവസത്തിന് ശേഷവും പുതിയ അക്കൗണ്ടിൽ പണം കാണാതിരുന്ന ജെയിംസും പങ്കാളിയും വെസ്റ്റ്പാക് ബാങ്കിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.ഒരാഴ്ചയോളം സന്ദേശത്തിൽ ഉണ്ടായിരുന്ന നമ്പറിൽ സംസാരിച്ച ജെയിംസിന് പിന്നീട് അയാളെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന് ജയിംസിന്റെ പങ്കാളി സേറ ചൂണ്ടിക്കാട്ടി.ഏറെ വർഷങ്ങളുടെ സമ്പാദ്യമായിരുന്ന 98,000 ഡോളർ.സിഡ്‌നിയിലേക്ക് ഒരു യാത്ര പോയതിന് ശേഷം തിരിച്ചെത്തിയ ജെയിംസിന് ഊബറിൽ നിന്ന് എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചതാണ് ഈ തട്ടിപ്പിന്റെ തുടക്കം.ഇതിൽ പേയ്‌മെന്റ് വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഊബർ അക്കൗണ്ടിൽ പരിശോധിച്ചപ്പോൾ തന്റെ വിവരങ്ങൾ അവിടെയുള്ളതായി ജെയിംസ് കണ്ടെങ്കിലും വീണ്ടും സന്ദേശത്തിലെ ലിങ്കിലേക്ക് പോവുകയായിരുന്നു.നല്ല രീതിയിൽ ചിന്തിക്കാതെയാണ് ലിങ്കിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.ഇതിന് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ വെസ്റ്റ്പാക് ബാങ്ക് സന്ദേശങ്ങളുടെ അതെ ത്രെഡിൽ ഒരു സന്ദേശം ലഭിച്ചു. ജെയിംസിന് ഇക്കാരണത്താൽ സംശയം ഉണ്ടായില്ല.എന്നാൽ സ്പൂഫിംഗ് എന്ന തട്ടിപ്പിന് ഇരയാകുകയായിരുന്നു ജെയിംസ്. തട്ടിപ്പുകാർ നൽകിയിരുന്ന നമ്പറിൽ വിളിച്ച ജെയിംസ് ഇവരുടെ നിർദ്ദേശം അനുസരിച്ച് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഉണ്ടായത്.സാങ്കേതിക വിദ്യകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചുമെല്ലാം ആവശ്യത്തിന് അറിവുള്ളവരാണ് തങ്ങളെന്നും തട്ടിപ്പുകാർ സംശയം ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഈ തട്ടിപ്പിന് ശേഷവും വെസ്റ്റ്പാകിൽ നിന്നുള്ള സന്ദേശങ്ങൾ ജെയിംസിന് പതിവായി ലഭിക്കുന്നുണ്ട്.
വെസ്റ്റ്പാക് ബാങ്ക് നഷ്ടപരിഹാരമായി ഇതുവരെ ഇവർക്ക് 3,000 ഡോളർ നൽകിയതായി ഇവർ വ്യക്തമാക്കി. ബാങ്ക് ഇതിന്റെ കൂടുതൽ വിവരങ്ങൾ നല്കാൻ തയ്യാറായില്ല.കൂടുതൽ തുകയ്ക്കായി ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാജ ഫോൺ കോളുകൾ, മെസ്സേജുകൾ എന്നിവയ്ക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വെസ്റ്റ്പാക് വക്താവ് പറഞ്ഞു.ബാങ്ക് തട്ടിപ്പുകൾക്കെതിരെ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും വ്യക്തമാക്കി.ബാങ്കുകൾ മെസ്സേജുകളിൽ ലിങ്കുകൾ നൽകുന്ന രീതി നിർത്തലാക്കണമെന്ന് RMIT സർവകലാശാലയിൽ ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗ വിദഗ്‌ധൻ അസോസിയേറ്റ് പ്രൊഫസർ മാർക്ക് ഗ്രിഗറി ചൂണ്ടിക്കാട്ടി.സാധാരണക്കാരനെ സുരക്ഷിതമാക്കാൻ പ്രാപ്തമായ ഒരു സംവിധാനം വികസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് ഒട്ടേറെ വെല്ലുവിളികൾ ഉള്ളതായി അദ്ദഹം ചൂണ്ടിക്കാട്ടി.