നോർത്ത്ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറിന്റെ (37) മൃതദേഹമാണു കണ്ടെത്തിയത്.
ന്യൂസിലൻഡ് സമയം വെള്ളിയാഴ്ച ഉച്ചയോടെ നോർത്ത് ലാൻഡ് പോലീസ് നാഷണൽ ഡൈവ് സ്ക്വാഡ് അംഗങ്ങളാണ് ശരത്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി ചെന്പകത്തിനാൽ ഫെർസിൽ ബാബുവിനായുള്ള(36) തെരച്ചിൽ തുടരുകയാണ്.
നോർത്ത്ലാൻഡിലെ വാങ്കാരെ ഹെഡ്സിലെ ഉൾക്കടൽ പ്രദേശമായ തൈഹരൂനടുത്തുള്ള പാറക്കെട്ടുകൾക്കു സമീപം ബുധനാഴ്ച ഉച്ചയോടെ റോക് ഫിഷിംഗിനു പോയ ഇരുവരെയും കാണാതാകുകയായിരുന്നു.
ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് തൈഹരൂരിലേക്കു പോയത്. രാത്രി വൈകിയും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ നോർത്ത്ലൻഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് തൈഹരൂ ഉൾക്കടലിനും അവഹോവ ഉൾക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റർ തീരപ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
ബുധനാഴ്ചതന്നെ ഇരുവരുടെയും വാഹനവും മൊബൈൽ ഫോണും ചെരുപ്പും കടൽത്തീരത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫെർസിലും ശരതും കുടുംബത്തോടൊപ്പം ന്യൂസിലൻഡിലെ സെൻട്രൽ വാങ്കാരെയിലേക്ക് അടുത്തിടെയാണു താമസം മാറിയത്.






























