കുട്ടി ചിത്രകാരന്മാരുടെ കാലമാണിത്. കഴിഞ്ഞ ആഴ്ചയാണ്, എയ്‌സ് ലിയാം നാനാ സാം അങ്ക്‌റ എന്ന ഘാന സ്വദേശിയായ ഒന്നര വയസുള്ള കുട്ടി ചിത്രകാരന്‍റെ വാര്‍ത്ത ലോകമെങ്ങും ശ്രദ്ധ നേടിയത്. 20 ഓളം ചിത്രങ്ങളടങ്ങിയ എയ്‌സ് ലിയാമിന്‍റെ പ്രദര്‍ശനത്തില്‍ വില്പനയ്ക്ക് വച്ച 10 പെയിന്‍റിംഗുകളില്‍ ഒമ്പത് എണ്ണവും വിറ്റ് പോയെന്നായിരുന്നു വാര്‍ത്ത. എയ്‌സ് ലിയാം നാനാ സാം അങ്ക്‌റയെ ഇതിനിടെ ഗിന്നസ് വേള്‍ഡ് റെക്കോർഡ് എറ്റവും പ്രായം കുറഞ്ഞ പുരുഷ ചിത്രകാരനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജർമ്മനിയില്‍ നിന്നുള്ള രണ്ട് വയസുകാരന്‍ ലോറന്‍റ് ഷ്വാർസിന്‍റെ മിനി പിക്കാസോ എന്ന പേരിട്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ 7,000 ഡോളറിന് അതായത് 5,83,968 ഇന്ത്യന്‍ രൂപയ്ക്ക് വിറ്റു പോയെന്ന വാര്‍ത്ത ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.































