കോഴിക്കോട്: പരാതി നൽകിയ ശേഷമുളള നാലുമാസത്തെ അനുഭവം കൊണ്ട് നീതി കിട്ടില്ലെന്നുറപ്പായെന്ന് കോഴിക്കോട് മെഡി. കോളേജ് ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതി. അമ്പതിലേറെ തവണയാണ് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയത്. പരാതിയുമെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. വനിതാ കമ്മീഷനിൽ നിന്ന് പോലും നീതി കിട്ടിയില്ല. കമ്മീഷൻ ആവശ്യപ്പെട്ടിട്ടും മെഡി.കോളേജ് റിപ്പോർട്ട് നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്. നീതി കിട്ടിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അതിജീവിത പറഞ്ഞു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. പീഡന പരാതി ഇല്ലാതാക്കാൻ 5 വനിതാ ജീവനക്കാർ ചേർന്ന് അതിജീവിതയ്ക്കുമേൽ ഭീഷണി, സമ്മർദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി ഉൾപ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡി. കോളേജ് പ്രിൻസിപ്പൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു. വിമർശനം ശക്തമായപ്പോഴായിരന്നു കഴിഞ്ഞ ദിവസം തിരിച്ചെടുക്കൽ നടപടി റദ്ദാക്കിയത്. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ സഹപ്രവർത്തകരാണ് ഈ അഞ്ചുപേരും.