വില്‍നിയസ്: നാറ്റോ സൈനിക സഖ്യരാജ്യങ്ങളുടെ 74ാമത് ഉച്ചകോടി ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ലിത്വേനിയൻ തലസ്ഥാനമായ വില്‍നിയസില്‍ നടക്കും.40 രാഷ്ട്രത്തലവന്മാരും 150ഓളം ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ പങ്കെടുക്കും. ലിത്വേനിയയില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനം വില്‍നിയസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ബാള്‍ട്ടിക് കടലില്‍ നാറ്റോ അധിക കപ്പലുകള്‍ വിന്യസിച്ചു.
സുരക്ഷയൊരുക്കാൻ ലിത്വേനിയൻ സൈന്യവും പൊലീസും കൂടാതെ സ്പെയിൻ, ജര്‍മനി, പോളണ്ട്, ലാത്‍വിയ തുടങ്ങിയ നാറ്റോ അംഗരാജ്യങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. വില്‍നിയസിന്റെയും സമീപപ്രദേശങ്ങളുടെയും മുകളില്‍ വ്യോമഗതാഗതം വിലക്കിയിട്ടുണ്ട്.
അതിനിടെ യുക്രെയ്നെ നാറ്റോയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ച് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ട്. നാറ്റോയില്‍ അംഗമാകാൻ യുക്രെയ്ന് അര്‍ഹതയുണ്ടെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാൻ പറഞ്ഞപ്പോള്‍ സമയമായിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരെക്കണ്ട് പിന്തുണ അഭ്യര്‍ഥിച്ചുവരുകയാണ്.
ആതിഥേയരായ ലിത്വേനിയ ഉള്‍പ്പെടെ രാജ്യങ്ങള്‍ യുക്രെയ്ന് അനുകൂലമാണ്. എന്നാല്‍, ഈ ഉച്ചകോടിയില്‍ അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. സ്വീഡനും അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. തുര്‍ക്കിയയും ഹംഗറിയും എതിര്‍പ്പുയര്‍ത്തിയതാണ് അവര്‍ക്കുമുന്നിലെ തടസ്സം. നാറ്റോ അംഗമാകണമെങ്കില്‍ എല്ലാ അംഗരാഷ്ട്രങ്ങളുടെയും പിന്തുണ ആവശ്യമാണ്. കഴിഞ്ഞ ഏപ്രിലില്‍ ഫിൻലൻഡിനെ നാറ്റോയില്‍ ചേര്‍ത്തിരുന്നു.