സാന്‍ഫ്രാന്‍സിസ്കോ: പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പൊലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു.
2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല, അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു 23കാരിയായ ജാഹ്നവി. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജാഹ്നവി ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയാണ്.
ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പൊലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു- “ജനുവരിയിൽ സിയാറ്റിലിലുണ്ടായ വാഹനാപകടത്തിൽ ജാഹ്‌നവി കണ്ടുല മരിച്ച സംഭവം പൊലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ വിഷമിപ്പിക്കുന്നതാണ്. സിയാറ്റിൽ & വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികാരികളോടും വാഷിംഗ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയുമെടുക്കണം. കോൺസുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കും”
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റിൽ കമ്മ്യൂണിറ്റി പോലീസ് കമ്മീഷൻ (സിപിസി) പ്രസ്താവന പുറത്തിറക്കി. ആ സംഭാഷണം ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസില്‍ നിന്ന് ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സിപിസി പ്രസ്താവനയില്‍ വിമര്‍ശിച്ചു. അതേസമയം അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് സിയാറ്റില്‍ പൊലീസ് ഡിപാര്‍ട്ട്‍മെന്‍റ് അറിയിച്ചു.