തിരുവനന്തപുരം: അമ്മു സജീവിൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയും തിരുവനന്തപുരം ആയിരുപ്പാറ സ്വദേശിനിയുമായ അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നില നിൽക്കുന്നതെന്നും സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
2024 ഒക്ടോബർ 10ന് അമ്മുവിൻ്റെ പിതാവ് സജീവ് “മകളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി” പരാതി നൽകിയിരുന്നു. നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയെങ്കിലും വീണ്ടും ഉപദ്രവം നേരിടേണ്ടി വന്നതിനാൽ ഒക്ടോബർ 27 ന് വീണ്ടും പരാതി നൽകേണ്ട സാഹചര്യം ഉണ്ടായി. എന്നിട്ടും വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയാണ് കേളേജ് പ്രിൻസിപ്പലിൻ്റെയും അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായത് എന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് നൽകിയ കത്തിൽ പറയുന്നു.






























