ന്യൂഡല്‍ഹി: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. ‘ഓപ്പറേഷൻ അജയ്’ ദൗത്യം വഴി യുദ്ധത്തിനിടെ ഇസ്രായേലില്‍ കുടുങ്ങി കിടന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ടെല്‍ അവീവില്‍ നിന്ന് ഇന്ന് രാവിലെയാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 235 ഇന്ത്യൻ പൗരന്മാരാണ് രണ്ടാമത്തെ വിമാനത്തില്‍ എത്തിയത്. യാത്രക്കാര്‍ വിമാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എക്സില്‍ പങ്കുവെച്ചു.
‘ഓപ്പറേഷൻ അജയ് രണ്ടാമത്തെ വിമാനം 235 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ട് ടെല്‍ അവീവില്‍ നിന്ന് പറന്നുയര്‍ന്നു.’ അദ്ദേഹം എക്‌സില്‍ ചിത്രത്തോടൊപ്പം കുറിച്ചു.
ഇസ്രായേലിലെ ബെൻ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച വൈകിട്ട് പറന്നുയര്‍ന്ന ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ‘ആദ്യം വരുന്നവര്‍ ആദ്യം’ എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 11 നാണ് ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രസര്‍ക്കാര്‍ ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചത്. ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈനുകളും ഇസ്രായേലിലേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നത്. ആവശ്യമെങ്കില്‍ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും ഈ ദൗത്യത്തിനായി വിന്യസിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.