ദില്ലി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിൽ കാനഡയെ അനുകൂലിച്ച് പാക്കിസ്ഥാൻ. ഇന്ത്യ സ്ഥിരമായി തങ്ങളുടെ രാജ്യത്ത് ചെയ്യുന്നതാണ് കാനഡയിലും പോയി ചെയ്തതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രതികരിച്ചു. ഖലിസ്ഥാൻ വാദി നേതാക്കവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതാണ് ഇപ്പോഴത്തെ തർക്കങ്ങളുടെ തുടക്കം.അതേസമയം കാനഡിയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരുന്നതിന് വിസ അനുവദിക്കുന്നത് നിർത്തിയെന്ന മുൻ അറിയിപ്പ് പിൻവലിച്ച ശേഷം വീണ്ടും പ്രസിദ്ധീകരിച്ചു. വിസ നൽകുന്നത് കൈകാര്യം ചെയ്യുന്ന ബിഎൽഎസിന്റെ വെബ്സൈറ്റിൽ ആണ് ആദ്യം ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. പിന്നാലെ ഇത് പിൻവലിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
അതിനിടെ തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നുണ്ടെന്ന് പറഞ്ഞ ഹൈക്കമ്മീഷൻ, ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര സ്ഥാപനങ്ങൾ ഇപ്പോഴും തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുഖ്ദൂൽ സിംഗ് ഇന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരാവിദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ഗ്യാങ് രംഗത്തെത്തി. ഇയാളുടെ സംഘാംഗങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിലാണ് ലോറൻസ് ബിഷ്ണോയ് ഉള്ളത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധക്കേസിലും ബിഷ്ണോയ് പ്രധാന പ്രതിയാണ്.