തിരുവനന്തപുരം: ഡോക്ടറുടെ ഈ കുറിപ്പടി എങ്ങനെ വായിച്ച് മരുന്ന് നൽകണം എന്ന ആലോചനയിലാണ് മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ. ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും ബന്ധുക്കളും കരുതിയത്. പിന്നീട് ആണ് ഇത് മരുന്ന് എഴുതിയത് ആണെന്ന് മനസ്സിലായത്. എന്നാൽ ഇതുമായി മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോൾ ഏത് മരുന്ന് ആണ് രോഗിക്ക് നൽകേണ്ടത് എന്ന സംശയത്തിലായി ജീവനക്കാർ. തിരികെ ആശുപത്രിയിൽ എത്തി വിവരം പറഞ്ഞ രോഗിയെയും ബന്ധുക്കളെയും ഡോക്ടർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം.
മനസ്സിലാകുന്ന തരത്തിൽ മരുന്നിൻ്റെ കുറിപ്പടികൾ എഴുതണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശങ്ങൾ പക്ഷേ മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് ബാധകമല്ല എന്ന അവസ്ഥയാണ്. ഡോക്ടർ എഴുതി നൽകിയ കുറിപ്പടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജനുവരി 21 ന് ആശുപത്രിയിൽ ചികിത്സ നേടിയ മംഗലപുരം കാരമൂട് സ്വദേശി 68 വയസ്സുകാരൻ അബ്ദുൽ മജീദിന് നൽകിയ മരുന്നിന്റെ കുറിപ്പടിയാണ് ഇപ്പോൾ തരംഗമാകുന്നത്.
ഇതുമായി ഇവർ മെഡിക്കൽ സ്റ്റോറിൽ പോയെങ്കിലും എന്ത് മരുന്നാണ് എഴുതിയിരിക്കുന്നത് എന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. വിവരം തിരികെ ആശുപത്രിയിൽ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടർ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറഞ്ഞതായി പറയുന്നു. ആശുപത്രിയിൽ നിന്ന് തന്നെ മരുന്നുകൾ നൽകിയെന്നും പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയതെന്തിനെന്നുമാണ് ഡോക്ടർ ഇവരോട് ചോദിച്ചത്.
ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ആണ് കുറിപ്പടി എഴുതി നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുറിപ്പടി ആരോഗ്യവകുപ്പ് മന്ത്രിക്ക് രോഗിയുടെ ബന്ധുക്കൾ പരാതിയായി അയച്ചു നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. സോഷ്യൽ മീഡിയകളിൽ വ്യത്യസ്തമായ കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. ഏതെങ്കിലും കുട്ടികൾ വരച്ചു കളിച്ചതാണോ എന്നും എന്തുകൊണ്ടാണ് കമ്പ്യൂട്ടർ പ്രിസ്ക്രിപ്ഷൻ കൊടുക്കാത്തത് എന്നും ഉൾപ്പെടെയുള്ള കമൻറുകൾ കാണാൻ കഴിയും.