കാൻബറ: ഓസ്ട്രേലിയ ആദ്യമായി ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. മെയ് 24 ന് സിഡ്നിയിലാണ് ഉച്ചകോടി നടക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി സിഡ്നിയിൽ ഓപ്പറ ഹൗസിന്റെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്ക, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
അടുത്ത മാസം നടക്കുന്ന ക്വാഡ് സൈനിക സഹകരണ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ പങ്കെടുക്കും.
ഇന്തോ-പസഫിക് മേഖലയിൽ വർധിച്ചുവരുന്ന ചൈനയുടെ സൈനിക സ്വാധീനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് രൂപീകരിച്ചത്. ക്വാഡ് നേതാക്കളുടെ നേരിട്ടുള്ള മൂന്നാമത്തെ ഉച്ചകോടിയാണിത്.
പരമാധികാരത്തെ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുന്നതിനും തുറന്നതും സുസ്ഥിരവുമായ ഇന്തോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിനും സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.’ഞങ്ങളുടെ (അമേരിക്ക, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ) സഹകരണം ശക്തിപ്പെടുത്താനും നാമെല്ലാവരും ജീവിക്കാൻ ആഗ്രഹിക്കുന്ന ഇന്തോ-പസഫിക് മേഖലയെ രൂപപ്പെടുത്താനും ആസിയാൻ, പസഫിക് ദ്വീപുകൾ ഫോറം എന്നിവയ്ക്കൊപ്പം ക്വാഡ് എങ്ങനെ പ്രവർത്തിക്കാമെന്ന് സിഡ്നിയിൽ നേതാക്കൾ ചർച്ച ചെയ്യുമെന്ന്് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഉക്രെയ്ൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളും മറ്റ് സാഹചര്യങ്ങളും ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിഡ്നി ഓപ്പറ ഹൗസാണ് കൂടിക്കാഴ്ചയ്ക്കു വേദിയാകുന്നത്. അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ബൈഡന്റെ ആദ്യ ഓസ്ട്രേലിയൻ സന്ദർശനമാണിത്. അദ്ദേഹം ഓസ്ട്രേലിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനമായി ഓസ്ട്രേലിയ സന്ദർശിച്ചത്. അന്ന് പാർലമെന്റിനെയും സിഡ്നി ഒളിമ്പിക്സ് പാർക്കിൽ 20,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെയും നരേന്ദ്ര മോഡി അഭിസംബോധന ചെയ്തിരുന്നു.ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്ക് മുമ്പ്, മെയ് 19 മുതൽ 21 വരെ നടക്കാനിരിക്കുന്ന ജി7 അഡ്വാൻസ്ഡ് എക്കണോമിയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോഡി ജപ്പാനിലെ ഹിരോഷിമ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇന്ത്യാ സന്ദർശന വേളയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നു.
ഓസ്ട്രേലിയയുമായുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാൻ ജപ്പാന്റെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കഴിഞ്ഞ വർഷം അവസാനം പെർത്ത് സന്ദർശിച്ചിരുന്നു.മൂന്ന് ലോക നേതാക്കന്മാർക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ബജറ്റ് പ്രകാരം,ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഓസ്ട്രേലിയയ്ക്ക് 23 മില്യൺ ഡോളർ ചെലവാകും.