സിഡ്നി: വെസ്റ്റേൺ ഓസ്ട്രേലിയൻ മരുഭൂമിയിൽ നഷ്ടമായ റേഡിയോ ആക്ടീവ് പദാർത്ഥം അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. വൻകിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ പക്കൽനിന്ന് ചരക്കുനീക്കത്തിനിടെയാണ് ഇത് നഷ്ടപ്പെട്ടത്.ജനുവരി 12-ന് ഖനിയിൽനിന്ന് പെർത്തിലെ റേഡിയേഷൻ സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ഇത് നഷ്ടമായത്. ജനുവരി 16 ന് കണ്ടെയ്നർ പെർത്തിൽ എത്തിയെങ്കിലും ജനുവരി 25 ന് അത് തുറന്ന് നോക്കിയപ്പോഴാണ് കാപ്സ്യൂൾ നഷ്ടമായതായി കണ്ടെത്തിയത്. യാത്രക്കിടെയുണ്ടായ കമ്പനം മൂലം കാപ്സ്യൂൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോൾട്ട് അയയുകയും കാപ്സ്യൂൾ താഴെ വീഴുകയുമായിരുന്നുവെന്നാണ് നിഗമനം.
സാധാരണ ജനങ്ങൾക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്പർക്കം റേഡിയേഷൻ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങൾക്കും കാരണമായേക്കാവുന്നതിനാൽ വ്യാപകമായ തിരിച്ചിലിലായിരുന്നു അധികൃതർ. ദൈർഘ്യമേറിയ പാതയായതിനാൽ എവിടെയാണ് ഇത് നഷ്ടമായത് എന്ന് കണ്ടുപിടിക്കുന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നു. വിവിധ ഏജൻസികളുടെ പിന്തുണയോടെ റേഡിയേഷൻ ഡിറ്റക്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.