പത്തനംതിട്ട ∙ വീണ്ടുവിചാരമില്ലാതെ ഫോണിലേക്കു വന്ന മെസേജിലെ ലിങ്കിൽ വിരൽ അമർത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ആദ്യം തട്ടിപ്പിന് ഇരയായത് ഭാര്യ. പോയത് 5 ലക്ഷം. മാസങ്ങൾക്കകം സമാന മെസേജിലൂടെ ഭർത്താവിനു നഷ്ടമായത് 15 ലക്ഷം രൂപയും. കെഎസ്ഇബിയിൽ കുടിശികയായുള്ള തുക ഇതുവരെ അടിച്ചിട്ടില്ലെന്നും ഉടൻ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുമെന്നുമുള്ള കോൾ ആദ്യമെത്തിയത് ഭാര്യയ്ക്ക്. തുക അടയ്ക്കാൻ സഹായിക്കാമെന്ന വാഗ്ദാനത്തിനു പിന്നാലെ ഫോണിലേക്ക് തുക അടയ്ക്കാൻ ആവശ്യപ്പെടുന്ന മെസേജുമെത്തി. മെസേജിനൊപ്പമുള്ള ലിങ്കിൽ വിരൽ അമർത്തിയപ്പോൾ ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള അടുത്ത മെസേജ്.
ഒടിപി നൽകിയതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമായത് 5 ലക്ഷം രൂപ.പൊലീസിൽ പരാതി നൽകാൻ ഇവർ മുതിർന്നില്ല. അടുത്ത ബന്ധുക്കളോടു മാത്രം സംഭവം പറഞ്ഞു. 6 മാസത്തിനകം ഇവരുടെ ഭർത്താവിന്റെ മൊബൈൽ ഫോണിലേക്കും വിളിയെത്തി. വൈകുന്നേരത്തിനകം കെഎസ്ഇബി കുടിശിക അയച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കുമെന്നാണു പറഞ്ഞത്. സംശയം തോന്നിയതിനാൽ ഉടൻ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞെങ്കിലും ഫോൺ സംഭാഷണത്തിലെ സ്വാഭാവികത കണക്കിലെടുത്ത് കോളിനു പിന്നാലെ പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന മെസേജിനൊപ്പമുള്ള ലിങ്കിൽ വിരൽ അമർത്തി.
തുടർച്ചയായ ടിക് ടിക് ശബ്ദമാണു പിന്നാലെ കേട്ടത്. ഒപ്പം ഫോണും സ്റ്റക്കായി. മിനിറ്റുകൾക്കകം അക്കൗണ്ടിൽനിന്നു 15 ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായി ഫോണിലേക്കു സന്ദേശമെത്തി. ഡൽഹി കേന്ദ്രീകരിച്ചു ജോലി ചെയ്തിരുന്നതിനാൽ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയെക്കൊണ്ടു സംഭവം അന്വേഷിപ്പിക്കാൻ സാധിച്ചെങ്കിലും കണ്ടെത്തൽ വിചിത്രമായിരുന്നു. പണം പിൻവലിച്ച് നിമിഷങ്ങൾക്കകം 25 രാജ്യങ്ങളിലെ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കു തുക കൈമാറ്റം ചെയ്യപ്പെട്ടതായും തുക വീണ്ടെടുക്കാൻ കഴിയില്ലെന്നുമാണ് അവർ അറിയിച്ചത്. തട്ടിപ്പിന് ഇരയായ വ്യക്തിയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായും ഐബി കണ്ടെത്തി. ഇതോടെ അദ്ദേഹം ഫോണും ഒപ്പം സിം കണക്‌ഷനും മാറ്റി.