കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിൽ ഇന്നുമുതൽ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഏകീകൃത രീതിയിൽ ഒരു കുർബാന എങ്കിലും അർപ്പിക്കുന്ന ഇടവകകളിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാം എന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർ അറിയിച്ചു.
ഒത്തുതീർപ്പ് നിർദ്ദേശം ഉപാധികളോടെ അംഗീകരിക്കുമെന്നു ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന അല്മായ മുന്നേറ്റം അറിയിച്ചു. ഇടവകകളിൽ സമാധാന അന്തരീക്ഷം നിലനിർത്തി ജനാഭിമുഖ കുർബാന തുടരാനുള്ള അവസരം നൽകുന്നതുകൊണ്ട് മാത്രം ഈ നിർദ്ദേശം ഉപാധികളുടെ സ്വീകരിക്കുന്നതായി അതിരൂപതയിലെ വൈദികരുടെ അതിരൂപത സംരക്ഷണ സമിതിയും വ്യക്തമാക്കി. ഇതോടെ ഏതാനും വർഷമായി എറണാകുളം – അങ്കമാലി അതിരൂപതയിൽ തുടർന്നുവരുന്ന കുർബാന തർക്കത്തിന് ഭാഗികമായെങ്കിലും പരിഹാരമാകും.
അതിരൂപതയിലെ എല്ലാ ഇടവകകളിലും ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കണമെന്നാണ് ആർച്ച് ബിഷപ്പും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും സർക്കുലറിൽ നിർദ്ദേശിച്ചത്. അതിരൂപതയിൽ നിലവിലുള്ള കുർബാന അർപ്പണ രീതി തുടരുന്നത് സംബന്ധിച്ച് അടുത്ത സീനഡ് തീരുമാനമെടുക്കും മുൻപ് ആലോചന സമിതി, വൈദിക കൗൺസിൽ, പാസ്റ്റർ കൗൺസിൽ എന്നിവരുമായി കൂടിയാലോചന നടത്തും.































