തിരുവനന്തപുരം: വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും നാലു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ആറു നഗരസഭാ വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലും ആണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ജൂലൈ 4 മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 നടക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മാതൃകാ പെരുമാറ്റ ചട്ടം ജൂലൈ രണ്ടിന് നിലവിൽവന്നു.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർ പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും(sec.kerala.gov.in) ലഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ അറിയിച്ചു.































