മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു.
കഴിഞ്ഞ ദിവസം ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച അഭിപ്രായത്തോടൊപ്പം മികച്ച പബ്ലിസ്റ്റിയും ലഭിച്ച ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി. ഒടുവിൽ ആദ്യദിന കളക്ഷനിലും ആടുജീവിതം പണംവാരി. പ്രീ സെയിലിലും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ ആദ്യദിന കേരള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിവസം കേരളത്തിൽ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാമത്. മഞ്ഞുമ്മല്‍ ബോയ്സ് 3.35 കോടി, ഓസ്ലർ 3.10 കോടി, ഭ്രമയുഗം 3.05 കോടി എന്നിവയാണ് ടോപ് ഫൈവിലുള്ള ആദ്യദിനത്തിൽ കസറിയ മലയാള സിനിമകൾ.