കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് നടത്തി പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് (യു.പി) സ്വദേശി വയനാട് സൈബര്‍ പൊലീസിന്റെ പിടിയിലായി. ബറേലി സ്വദേശിയായ ആകാശ് യാദവ്(25) നെയാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും വിശാഖപട്ടണത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഇതനുസരിച്ച് യുവതി അയച്ചു നല്‍കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ചുണ്ടല്‍ സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.






























