സിഡ്നി: ഓഗസ്റ്റിൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ പങ്കെടുക്കാൻ ആവേശഭരിതരായി ഓസ്ട്രേലിയയിലെ യുവജനങ്ങൾ. 3000-ത്തിലധികം വിശ്വാസികളാണ് ഓസ്ട്രേലിയയിൽനിന്നു ലോക യുവജന ദിനത്തിൽ പങ്കെടുക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഓസ്ട്രേലിയയിൽനിന്ന് ഇത്രയധികം യുവജനങ്ങൾ പങ്കെടുക്കുന്നത്.
1985 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ലോക യുവജനദിനം ആരംഭിച്ചത്. മൂന്നു വർഷത്തിലൊരിക്കൽ മാർപ്പാപ്പയുടെ സാന്നിധ്യത്തോടെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നടത്തപ്പെടുന്ന യുവജന സമ്മേളനത്തിൽ ലക്ഷക്കണക്കിനു യുവജനങ്ങളാണ് പങ്കെടുക്കാറുള്ളത്. 2019 ജനുവരിയിൽ പനാമ സിറ്റിയിലാണ് അവസാനത്തെ യുവജന സമ്മേളനം നടന്നത്.
ഇക്കുറി ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെയാണ് യുവജന സമ്മേളനം നടക്കുന്നത്. അതിനു മുന്നോടിയായി ഓസ്ട്രേലിയയിലെ 25 കോർഡിനേറ്റർമാർ സിഡ്നിയിൽ ഒത്തുകൂടി സമ്മേളനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.കോ-ഓർഡിനേറ്റർമാരെ ആത്മീയമായി പരിപോഷിപ്പിക്കുന്നതിനും പങ്കെടുക്കുന്ന യുവജനങ്ങളെ ലിസ്ബണിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ നൽകുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
‘നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള മികച്ച അവസരമാണിതെന്ന് സുവിശേഷവൽക്കരണം, അൽമായർ, ശുശ്രൂഷ എന്നിവയ്ക്കുള്ള ബിഷപ്പ് കമ്മീഷൻ ചെയർമാനായ ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് പറഞ്ഞു.
‘ഇവരിൽ ചിലർ മുൻ ലോക യുവജന ദിനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, പ്രാർത്ഥനയുടെയും ദൈവീക സാന്നിധ്യത്തിന്റെയും കൂട്ടായ്മയുടെയും ഒരു ഉദാഹരണമാണ് യുവജന സമ്മേളനം.
പോർച്ചുഗലിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനത്തിനു പുറമേ ഓസ്ട്രേലിയൻ സംഘം വിശുദ്ധ ഭൂമി, റോം, ലൂർദ്, ഫാത്തിമ,ആവില, അസീസി തുടങ്ങിയ സ്ഥലങ്ങളിലും
തീർത്ഥാടനം നടത്തും.ഓസ്ട്രേലിയൻ തീർഥാടകർക്കൊപ്പം ഓഷ്യാനിയ മേഖലയിൽ നിന്നുള്ള നിരവധി യുവാക്കളും പങ്കെടുക്കുന്നുണ്ട്. ലോക യുവജന ദിന സംഘാടകരുടെയും ഓസ്ട്രേലിയൻ രൂപതകളുടെയും സാമ്പത്തിക സഹായത്തോടെയാണ് യുവാക്കൾ സമ്മേളത്തിനായി പോകുന്നത്.