മമ്മൂട്ടി, വിനായകൻ എന്നിവർ നായകനും പ്രതിനായകനുമായി എത്തിയ കളങ്കാവൽ ഗംഭീര വിജയം തുടരുന്നു. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ലഭിച്ച ചിത്രം, ഹൗസ്ഫുൾ ഷോകളുമായാണ് മൂന്നാമത്തെ ഞായറാഴ്ചയും പ്രദർശനം തുടർന്നത്. മലയാള സിനിമാ പ്രേമികൾ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.ഡിസംബർ 5ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര വിജയമാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിതിൻ കെ ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
17 ദിവസം കൊണ്ട് 80 കോടി ആഗോള ഗ്രോസ് പിന്നിട്ട ചിത്രം ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രമാണ്. 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ഗൾഫിലും ബ്ലോക്ക്ബസ്റ്റർ ബോക്സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രം, വമ്പൻ നിരൂപക പ്രശംസയും സ്വന്തമാക്കി.































