ദില്ലി: ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനിന്റെ ഡിസൈൻ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്.
നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിർദിഷ്ട അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ് ഉപയോഗിക്കുന്നത്. ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും.